Kodiyathur

പഞ്ചായത്തധികൃതരുടെ കുത്തിയിരിപ്പ് സമരം ഫലംകണ്ടു; കുടിവെള്ളപ്രശ്നത്തിന് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം

കൊടിയത്തൂർ : പഞ്ചായത്തിൽ കുടിവെള്ളവിതരണം മുടങ്ങിയതോടെ അടിയന്തരപരിഹാരം ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ വാട്ടർഅതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ മൂന്നുമണിക്കൂറിനുള്ളിൽ പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞു.

കൊടിയത്തൂർ കോട്ടമുഴി പമ്പ്ഹൗസിലെ പ്രധാന പമ്പുസെറ്റ് തകരാറിലായതിനെത്തുടർന്ന് ജലവിതരണം നിലച്ചിട്ട് ദിവസങ്ങളായി. പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണുള്ളത്. പമ്പ് നന്നാക്കാൻ അധികൃതർ ഒരാഴ്ച സമയമാവശ്യപ്പെട്ടിരുന്നു. ഈ സമയം കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ ദിവ്യാ ഷിബു, വൈസ് പ്രസിഡൻറ്‌ ഫസൽ കൊടിയത്തൂർ, അംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന് എന്നിവർ കൊടുവള്ളിയിലെ വാട്ടർഅതോറിറ്റി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്.

മൂന്നുമണിക്കൂർ നീണ്ട സമരത്തിനൊടുവിൽ അസി.എൻജിനിയർ അനുപ, ഓവർസിയർ ജോഷി എന്നിവർ സമരക്കാരുമായി ചർച്ചനടത്തി. കേടായ പ്രധാന പമ്പുസെറ്റ് പത്തുദിവസത്തിനകം നന്നാക്കി സ്ഥാപിക്കാമെന്നും അതുവരെ നിലവിലുള്ള 30 എച്ച്.പി. പമ്പുസെറ്റ് കൂടാതെ 20 എച്ച്.പി.യുടെ ഒരു പമ്പുസെറ്റ് കൂടി സ്ഥാപിച്ച് ബുധനാഴ്ച കുടിവെള്ളവിതരണം തുടങ്ങാമെന്നും ചർച്ചയിൽ അധികൃതർ ഉറപ്പുനൽകി. ഇതോടെ ജനപ്രതിനിധികൾ സമരം അവസാനിപ്പിച്ചു. ഉറപ്പ് നൽകിയ പ്രകാരം നടപടിയുണ്ടായില്ലെങ്കിൽ പൊതുജനങ്ങളുമായി സഹകരിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്‌ പറഞ്ഞു.

Related Articles

Leave a Reply

Back to top button