പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വനയോരപ്രദേശങ്ങളിൽ ഫീൽഡുതല പരിശോധന നടത്തി
പുതുപ്പാടി : പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലമേഖല (ഇ.എസ്.എ.)കളായി സംസ്ഥാന കാലാവസ്ഥ വ്യതിയാനവകുപ്പ് തയ്യാറാക്കിയ കരട് റിപ്പോർട്ടിലും കെ.എം.എൽ/ഷേയ്പ്പ് ഫയലിലും ഉൾപ്പെട്ടതായി സംശയമുയർന്ന പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വനയോരപ്രദേശങ്ങളിൽ ഞായറാഴ്ച ഫീൽഡുതല പരിശോധന നടത്തി. കരികുളം വാർഡിലെ കുറുമരുകണ്ടി ഭാഗത്തും, മുപ്പതേക്ര വാർഡിൽ ഉൾപ്പെടുന്ന ചുരം നാലാംവളവിന് സമീപത്തെ ചുരത്തിൽ മഖാംപള്ളി പരിസരത്തുമാണ് ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലപരിശോധന നടന്നത്.
ഗൂഗിൾ എർത്ത് ദൃശ്യങ്ങൾ സൂം ചെയ്യാതെ പരിശോധിച്ചതുകൊണ്ടുള്ള ആശയക്കുഴപ്പമാണ് നേരത്തേ സംശയത്തിനിട നൽകിയതെന്നും കുറുമരുകണ്ടി ഭാഗവും പള്ളിപ്പരിസരവും നിർദിഷ്ട ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുന്നില്ലെന്നാണ് സൂക്ഷ്മപരിശോധനയിൽ വ്യക്തമായതെന്നും പരിശോധകസംഘം അറിയിച്ചു. സർവേക്കെത്തിയവരെ പള്ളിക്കു സമീപത്തെ വനാതിർത്തിയിൽ ജണ്ട കെട്ടിയ ഭാഗത്തെത്തിച്ച് കനലാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാർ വനാതിർത്തിപരിധി കാണിച്ചുകൊടുത്തു. ചുരം റോഡിന്റെ ഭാഗങ്ങളും നിർദിഷ്ട പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നില്ലെന്ന് വനപാലകർ സംഘത്തെ അറിയിച്ചു.
ഞായറാഴ്ച രാവിലെ പത്തരയോടെ കുറുമരുകണ്ടി ഭാഗത്താണ് ഫീൽഡുതല പരിശോധനയ്ക്ക് തുടക്കമായത്. തുടർന്ന് ചുരത്തിൽമഖാംപള്ളിക്കു സമീപം വനാതിർത്തിയിലും പള്ളിയോടുചേർന്ന ഗുഹാപരിസരത്തും ഗുഗിൾ എർത്തിന്റെ സാങ്കേതികസഹായം ഉപയോഗപ്പെടുത്തി പരിശോധന നടത്തി. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ബുഷ്‌റ ഷാഫി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഡെന്നി വർഗീസ്, ഐബി റെജി, ബിജു തോമസ് ചേരപ്പനാട്ട്, ചുരംസംരക്ഷണസമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, ഷാഫി വളഞ്ഞപാറ, പി.കെ. മുഹമ്മദലി, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാർ, ബി.എഫ്.ഒ.മാരായ കെ. ഫാരിഷ, കെ.കെ. അജുൻ, ഫോറസ്റ്റ് വാച്ചർ അബ്ദുൾസലാം, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇ.എസ്.എ. പരിധി സംബന്ധിച്ച് അന്തിമപരിശോധനയ്ക്കും മറുപടി റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കുള്ള അവലോകനത്തിനുമായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുതുപ്പാടി പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. ഇ.എസ്.എ. പരിധിയിൽ ഉൾപ്പെട്ടതായി ആദ്യഘട്ടത്തിൽ സംശയമുയർന്ന മേഖലയിലെ പ്രദേശവാസികൾ, ചുരത്തിൽ മഖാംപള്ളി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഫീൽഡുതല പരിശോധനയിൽ ആശങ്കയൊഴിഞ്ഞതായും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഇ.എസ്.എ. പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കിക്കൊണ്ട് മറുപടി റിപ്പോർട്ട് തയ്യാറാക്കി ചൊവ്വാഴ്ച പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ് അറിയിച്ചു. അതേസമയം, കട്ടിപ്പാറ പഞ്ചായത്തിൽ ഫീൽഡുതല പരിശോധന തിങ്കളാഴ്ച നടക്കും. ജനവാസമേഖലകളും കൃഷിഭൂമികളും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി ബുധനാഴ്ചയ്ക്കകം മറുപടി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് അറിയിച്ചു.ഇന്ന് അന്തിമയോഗം മറുപടി റിപ്പോർട്ട് നാളെ സമർപ്പിക്കും