സ്കൂളിന്റെ നന്മ; വീടില്ലാത്ത വിദ്യാർഥിനിക്ക് സ്വന്തംവീടായി
കാരശ്ശേരി : സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിക്ക് അടച്ചുറപ്പുള്ള വാസയോഗ്യമായ വീടില്ലെന്ന് തിരിച്ചറിഞ്ഞ പി.ടി.എ. ഒരുവീടുവെച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങി. പിന്തുണയുമായി നാട് ഒപ്പംചേർന്നു. പ്രയത്നം ഫലവത്തായി. വിദ്യാർഥിനിയുടെ കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽദാനവും ശനിയാഴ്ച നടന്നു.
പി.ടി.എ.യുടെ നേതൃത്വത്തിൽ യാഥാർഥ്യമാക്കിയത് ഒരു കുടുംബത്തിന്റെ ചിരകാലസ്വപ്നമാണ്. കാരശ്ശേരി എച്ച്.എൻ.സി.കെ. എം.എ.യു.പി.സ്കൂൾ പി.ടി.എ. കമ്മറ്റിയാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും നാട്ടിലെ സുമനസ്സുകളായ വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ സ്കൂളിലെ വിദ്യാർഥിനിയുടെ കുടുംബത്തിനായി വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം ലിന്റോ ജോസഫ് എം.എൽ.എ, സ്കൂൾ പ്രധാനാധ്യാപകൻ കെ. അബ്ദുറസാഖ് എന്നിവർ ചേർന്ന് നിർവഹിച്ചു.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വാർഡംഗം റുഖിയ റഹീം, ഭവനനിർമാണ കമ്മിറ്റി ചെയർപേർസൺ ആരിഫ സത്താർ, പി.ടി.എ. പ്രസിഡന്റ് ടി. മധുസൂദനൻ, എം.പി.ടി.എ. പ്രസിഡന്റ് ഷർബിന, എൻ.എ. അബ്ദുസ്സലാം, പി.യു. ഷാഹിർ, ടി.പി. അബൂബക്കർ, കെ. മുബഷിർ, കെ.കെ. മുഹമ്മദ് ഇസ്‌ലാഹി, നാസർ മുസ്‌ല്യാർ, പി.കെ.സി. മുഹമ്മദ്, പി.കെ. റഹ്മത്ത്, കെ.പി. നാസർ, ചിഞ്ചു സുമേഷ്, ഫൗസിയ തച്ചാട്ടുതൊടിക, പി. ജംഷിത തുടങ്ങിയവർ സംബന്ധിച്ചു.