കുന്നിടിച്ച മണ്ണ് പരന്നൊഴുകി; വീട് ചെളിയിൽ മുങ്ങി

മുക്കം : കുന്നിടിച്ച് കൂട്ടിയിട്ട മണ്ണും കല്ലും കനത്തമഴയിൽ ഒലിച്ചിറങ്ങി പ്രദേശമാകെ ചെളിമൂടി. മുക്കം നഗരസഭയിലെ മുത്താലം മേടംപറ്റകുന്നിന് താഴെയാണ് ചെളിക്കെട്ടുണ്ടായത്. കുന്നിന് തൊട്ടുതാഴെ താമസിക്കുന്ന 75-കാരി മേടംപറ്റ ലീലാമണിയുടെ വീടിനുള്ളിലും മുറ്റത്തും ചെളിനിറഞ്ഞിരിക്കുകയാണ്. ഫ്ളാറ്റ് നിർമാണത്തിനായാണ് കുന്നിലെ മൂന്നരയേക്കറോളം സ്ഥലം ഇടിച്ചു നിരത്തിയത്.
മുപ്പതടി ഉയരത്തിൽ കൂട്ടിയിട്ട മണ്ണും ചെളിയും പാറക്കല്ലുമാണ് മഴയിൽ താഴേക്ക് കുത്തിയൊലിച്ചത്. ചെളിനിറഞ്ഞ് മുത്താലം-കുമ്മാളി റോഡ് യാത്രയ്ക്കു പറ്റാതായി. മഴ കനത്താൽ മണ്ണ് ഇനിയും ഒഴുകിയെത്തുമെന്ന ഭീതിയാണ് പ്രദേശവാസികൾക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ, റവന്യുവകുപ്പ്, ജിയോളജി, മുക്കം നഗരസഭാ അധികൃതർ എന്നിവർക്ക് ലീലാമണി ഉൾപ്പെടെ പരിസരവാസികൾ പരാതിനൽകി.
ഇവിടെ മൂന്നേക്കറിലധികം സ്ഥലത്താണ് കുന്നിടിക്കുന്നതെന്നും നാട്ടുകാരുടെ പരാതിയെത്തുടർന്ന് മണ്ണൊലിപ്പുതടയാൻ മതിൽ കെട്ടണമെന്നും ഇനി മണ്ണിടിക്കരുതെന്നും നിർദേശിച്ചിരുന്നുവെന്നും സ്ഥലം സന്ദർശിച്ച മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. വീണ്ടും മണ്ണെടുത്തതാണ് പ്രശ്നത്തിനു കാരണമെന്നും സ്ഥലമുടമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.







