കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ എൽ.ഡി.എഫ്. ഉപരോധിച്ചു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിലെടുക്കാത്ത തീരുമാനം പിന്നീട് എഴുതിച്ചേർത്തതായി ആരോപിച്ച് ഇടതുമുന്നണി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മേയ് 15-ന് ചേർന്ന ഭരണസമിതിയോഗത്തിൽ പതിനഞ്ചാംനമ്പർ അജൻഡയായി ഉൾപ്പെടുത്തിയ പത്താംവാർഡ് അംഗം കെ.പി. ഷാജി നൽകിയ കത്ത് മാറ്റിവെക്കാനുള്ള തീരുമാനത്തിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ യോഗം അവസാനിച്ചതാണെന്നും എന്നാൽ ചൊവ്വാഴ്ച ലഭിച്ച ഭരണസമിതി രജിസ്റ്ററിന്റെ കോപ്പിയിൽ എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായാണുള്ളതെന്നും ഇടത് അംഗങ്ങൾ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ചാണ് സെക്രട്ടറിയെ ഉപരോധിച്ചത്. മുക്കം എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, വിഷയം പരിശോധിച്ച് 25-നുള്ളിൽ അറിയിക്കാമെന്ന് സെക്രട്ടറി ഉറപ്പുനൽകി. ഇതേത്തുടർന്ന് സമരം പിൻവലിച്ചു. കെ.പി. ഷാജി, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, ജുജിത സുരേഷ്, ഇ.പി. അജിത്ത്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.