Thiruvambady

ഉറുമി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം തുടങ്ങി

തിരുവമ്പാടി : കാത്തിരിപ്പിനൊടുവിൽ ഉറുമി ഒന്നാംഘട്ട ജലവൈദ്യുത പദ്ധതിയിൽ ഉത്‌പാദനം ആരംഭിച്ചു. ഉൾവനങ്ങളിൽ തുടർച്ചയായി കനത്ത മഴലഭിച്ചതിനെത്തുടർന്നാണിത്. ജലലഭ്യതയനുസരിച്ച് സാധാരണ ആറുമാസമാണ് വൈദ്യുതി ഉത്പാദനം. ശക്തമായ മലവെള്ളപ്പാച്ചിലിൽ ചെളിവെള്ളം നിറയുന്നത് നേരിയ തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. താത്കാലിക പ്രതിസന്ധി മാത്രമാണിതെന്ന് എ.ഇ. എ.പി. ഉക്ബാത്ത് പറഞ്ഞു.

കഴിഞ്ഞ വർഷം പെൻസ്റ്റോക്ക് പൊട്ടിയതിനെത്തുടർന്ന് സ്തംഭനാവസ്ഥയിലായ രണ്ടാംഘട്ട പദ്ധതിയിൽ ഈ വർഷവും ഉത്പാദനം നടക്കില്ല. 197 മീറ്റർ ദൈർഘ്യത്തിൽ പെൻസ്റ്റോക്ക് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുളള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് സാങ്കേതികസഹായത്തോടെ 23 വർഷം മുമ്പാണ് പൊയിലിങ്ങാപ്പുഴയിൽ പദ്ധതികൾ ആരംഭിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും തിരുവമ്പാടി പഞ്ചായത്തിൽ സ്ഥാപിച്ച രണ്ടാംഘട്ട പദ്ധതിയിൽ 2.4 മെഗാവാട്ടും വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

ഉറുമി പവർ ഹൗസുകളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനവും നടക്കുന്നുണ്ട്. ജലലഭ്യതയില്ലാത്തക്കാലത്തും ഊർജോത്പാദനത്തിന്റെ കാര്യത്തിൽ സോളാറിലൂടെ സ്വയംപര്യാപ്തമാണ് ഉറുമി പദ്ധതികൾ. സംസ്ഥാന വൈദ്യുതിവകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ കൂടി പൊയിലിങ്ങാപ്പുഴയിൽ വരുന്നുണ്ട്. സമീപ ഗ്രാമമായ പൂവാറൻതോടിലും ഓളിക്കലിലും. നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു.

Related Articles

Leave a Reply

Back to top button