Kodanchery

വിലക്ക് മറികടന്ന് പതങ്കയത്ത് സഞ്ചാരികളെത്തുന്നു

കോടഞ്ചേരി : പ്രവേശനവിലക്ക് മറികടന്ന് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ കാലവർഷത്തിൽ കുളിക്കാനെത്തുന്നു. ബുധനാഴ്ച പതങ്കയത്തെത്തിയവരെ നാട്ടുകാർ പറഞ്ഞനുനയിപ്പിച്ച് തിരികെവിട്ടു. വിവരം കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. കാലവർഷം തുടങ്ങിയതോടെ കഴിഞ്ഞ ആഴ്ചകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ് അധികൃതർ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് പഞ്ചായത്തും പോലീസും അറിയിപ്പ് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപകടസന്ദർഭങ്ങളിൽ നിരീക്ഷണത്തിനും മറ്റുമായി പ്രാദേശിക സമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്.

കരിങ്കൽക്കൂട്ടങ്ങളും കയങ്ങളും നിറഞ്ഞ പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ സംബന്ധിച്ച് ധാരണയില്ലാതെ, വിദൂരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതിനകം 20 പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഇവിടെനിന്നും അധികം അകലെയല്ലാതെ ഇരുവഞ്ഞിപ്പുഴയിൽ മുത്തപ്പൻപുഴ ഭാഗത്ത് കഴിഞ്ഞദിവസം വയനാട് സ്വദേശി മുങ്ങിമരിച്ചു.

കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളെ വേർതിരിക്കുന്ന പുഴയുടെ ഇരുവശവും പതങ്കയം ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി പോലീസ് സംയുക്തമായി കഴിഞ്ഞവർഷം സഞ്ചാരികളെ തടയുന്നതിന് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒട്ടേറെ ഊടുവഴികളിലൂടെ പുഴയിലേക്ക് സഞ്ചാരികൾ എത്തുന്നത് അധികൃതരെയും നാട്ടുകാരെയും വിഷമിപ്പിക്കുന്നു. സുരക്ഷാസംവിധാനങ്ങൾ ഒരുക്കി, ഗാർഡുകളെ നിയമിക്കുന്നതുവരെ സഞ്ചാരികളെ പതങ്കയത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നാട്ടുകാരുടെ ആവശ്യം പലകാരണങ്ങൾകൊണ്ടും ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നില്ല.

Related Articles

Leave a Reply

Back to top button