തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മിക്കുന്നു; എംഎൽഎ ലിന്റോ ജോസഫ്
തിരുവമ്പാടി : മലയോര മണ്ഡലമായ തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 37.5 കി.മീ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്. നിലവിൽ മണ്ഡലത്തിലെ 19 കി.മി വനാതിർത്തിയിൽ ഫെൻസിംഗ് പൂർത്തിയായിട്ടുണ്ട്. നബാർഡ് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് 12 കി.മി യും വനം വകുപ്പിന്റെ RKVVY പദ്ധതിയിൽ 125 ലക്ഷം രൂപക്ക് 15.5 കി.മി യും എം എൽ എ ഫണ്ടിൽ ഉപയോഗപ്പെടുത്തി 10 കി.മിയും അടക്കമാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.
മണ്ഡലത്തിലെ വന്യ ജീവി ആക്രമണങ്ങൾക്ക് വലിയ രീതിയിൽ പരിഹാരമാവുന്ന പദ്ധതിയാണിത്. RKVVY, എം എൽ എ ഫണ്ട് എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ഹാഗിംഗ് ഫെൻസിംഗ് സാധാരണ ഫെൻസിഗിനേക്കാൾ ഫലപ്രദമാണ്.ഇതോടൊപ്പം തിരുവമ്പാടി മണ്ഡലത്തിലെ ഇനിയും വികസിപ്പിക്കേണ്ട ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വർക്കിംഗ് പ്ലാനിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിനും എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് ആർ ആർ ടി വാഹനം വാങ്ങുന്നതിനും തീരുമാനിച്ചു.മുക്കം എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് ഡി എഫ് ഒ ആഷിഖ് അലി,താമരശ്ശേരി ആർ എഫ് ഒ വിമൽ മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.