തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സൗഖ്യ ഗ്രാമം പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയായ ജീവതാളം പദ്ധതിയും മഹിളാ യോഗാ പദ്ധതിയും സംയോജിപ്പിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 2024-25 വർഷം നടപ്പാക്കാൻ പോവുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ സ്വാഗതം പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ വിശദീകരിച്ചു.പദ്ധതിയുടെ ഭാഗമായി ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം’ എന്ന ലക്ഷ്യവുമായി ജീവിതശൈലി രോഗനിർണയ ക്യാമ്പുകൾ, വനിതകൾക്കായി യോഗ പരിശീലനം , ഹെൽത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിൻ , കൂട്ടയോട്ടം , ബോധവൽക്കരണ ക്ലാസുകൾ എന്നീ പ്രവർത്തനങ്ങൾ നടത്തും.
ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ ലിസി അബ്രഹാം, റംല ചോലക്കൽ, വാർഡ് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, കെ എം മുഹമ്മദലി, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, പി ബീന, അപ്പു കോട്ടയിൽ, ഷനക്കത്തലി കെ എം, മഞ്ജു ഷിബിൻ, ഷൈനി ബെന്നി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സജിദ, സിഡിഎസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, യോഗ പരിശീലക ഡോ. അമൃത നിത്യൻ, ലിഷ ഗോപി എന്നിവർ സംസാരിച്ചു.