മലബാർ റിവർ ഫെസ്റ്റിവൽ; വാഹന വയൽപ്പൂട്ട് ഉത്സവം നടത്തി
കൊടിയത്തൂർ : കൊടിയത്തൂരിൽ അരങ്ങേറിയ വാഹനങ്ങളുടെ വയൽപ്പൂട്ടുത്സവം നാടിനെ പ്രകമ്പനം കൊള്ളിച്ച ആവേശത്തിരകൾ ആഞ്ഞടിക്കുന്നതായി. കാണികളെയാകെ ആവേശത്താൽ ഉന്മത്തരാക്കിയ വേറിട്ട കാഴ്ചാ വിരുന്നായി ചെളി ഉത്സവം മാറി. മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റുകളുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്താണ് മഡ്ഫെസ്റ്റിലെ വാഹനങ്ങളുടെ വയൽപ്പൂട്ട് ഉത്സവം ഒരുക്കിയത്.
ചെളിക്കളം ഉഴുതുമറിച്ച് നാലുപാടും പരക്കംപാഞ്ഞ വാഹനങ്ങളുടെ പ്രകടനംകണ്ട് കാണികളുടെ ആരവങ്ങൾ ഉയർന്ന അന്തരീക്ഷത്തിൽ ആവേശംപൂണ്ട തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും വണ്ടിപ്പൂട്ടിനിറങ്ങി. ജീപ്പിൽക്കയറി ഡ്രൈവ് ചെയ്തത് കാണികളുടെയും സംഘാടകരുടെയും ആവേശം പതിന്മടങ്ങ് വർധിപ്പിച്ചു. ഉത്സാവാവേശഭരിതരായി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവും, പഞ്ചായത്ത് അംഗങ്ങളും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനും പാടത്തെ വാഹനങ്ങളിൽക്കയറി ചെളി ഉത്സവത്തിന്റെ ഭാഗമായി.
വാഹനങ്ങളുടെ വയൽപ്പൂട്ടുത്സവം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദിവ്യ ഷിബു അധ്യക്ഷയായി. അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ് മുഖ്യപ്രഭാഷണംനടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് അംഗങ്ങൾ, മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ പോൾസൺ അറക്കൽ, ഷെല്ലി കുന്നേൽ, അജു എമ്മാനുവൽ, ആന്യം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ചെറുവാടി അഡ്വഞ്ചർ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.