കൂടരഞ്ഞിയിൽ കരിക്ക് കയറ്റുമതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : സംസ്ഥാന കാർഷിക കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ കൂടരഞ്ഞിയിൽ ആരംഭിച്ച ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം, അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ)യുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയും രൂപീകരിച്ച കോഴിക്കോട് ഫ്രൂട്ട്സ് ആന്റ് സ്പൈസസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിലെ കർഷകരിൽ നിന്നും ശേഖരിച്ച കരിക്കിന്റെയും, ഇളനീരിൻ്റെയും കയറ്റുമതിയുടെ ഉദ്ഘാടനം കൂമ്പാറയിൽ വച്ച് നടത്തി.
കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയും പൈതൃക കാർഷിക വിനോദ സഞ്ചാ ഗ്രാമവുമായ കൂടരഞ്ഞി കേന്ദ്രീകരിച്ച് കൂടരഞ്ഞി, തിരുവമ്പാടി എന്നീ പഞ്ചായത്തിലെ കർഷകരെ ഉൾപ്പെടുത്തി കർഷക താല്പര്യ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കോഴിക്കോട് ഫ്രൂട്ട്സ് ആന്റ് സ്പൈസസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിച്ചത്. പതിനായിരത്തോളം കരിക്കാണ് പഞ്ചാബിലേക്ക് കയറ്റി അയച്ചത്. കരിക്കും, ഇളനീരും കയറ്റുമതിയിലൂടെ മലയോര കാർഷിക മേഖലയിൽ ഒരു പുതു യുഗത്തിനാണ് നാന്ദി കുറിച്ചത്. ജില്ലയിലും, അയൽ ജില്ലയിലും അതോടൊപ്പം തന്നെ പ്രാദേശിക വിപണത്തിന് അന്വേഷണം നടന്നുവരുന്നതായി കമ്പനി ചെയർമാൻ ജോസ് ജോർജ് പുലക്കുടിയിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാവറ, കോഴിക്കോട് അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസി പ്രൊജക്റ്റ് ഡയറക്ടർ സപ്ന എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
കമ്പനി ചെയർമാൻ ജോസ് ജോർജ് പുലക്കുടിയിയിൽ, കൊടുവള്ളി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. പ്രിയ മോഹൻ. കൂടരഞ്ഞി കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ്, കമ്പനി ഡയറക്ടർമാരായ മാർട്ടിൻ വടക്കേൽ, കെ.ടി ശിവദാസൻ, ആത്മ ഡിസ്റ്റിക് മാനേജർ എം ഫൈസൽ, കർഷകർ, കർഷക പ്രതിനിധികൾ. തെങ്ങ് കയറ്റ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. മികച്ച വിലയ്ക്ക് കരിക്ക്, ഇളനീർ എന്നിവ വിൽക്കാൻ തയ്യാറുള്ള കർഷകർ 9495294142 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാന് ചെയർമാൻ അറിയിച്ചു.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ഗ്രേഡിംഗ്, സോർട്ടിംഗ്, പാക്കിംഗ്, ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടെ നാനോന്മുഖമായ പ്രവർത്തനങ്ങളാണ് വിവിധ പദ്ധതി വഴി ലക്ഷ്യമിടുന്നത്. പ്രൊഡ്യൂസർ കമ്പനിക്ക് സർക്കാർ മികച്ച സാമ്പത്തിക സഹായം നല്ലുന്നുണ്ട്.