മലയോരമേഖലയിൽ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും നാശനഷ്ടം
തിരുവമ്പാടി : കനത്തമഴയിൽ തിരുവമ്പാടി അങ്ങാടി വെള്ളക്കെട്ടിലകപ്പെട്ടു. അൻപതോളം കടകളിൽ വെള്ളംകയറി ലക്ഷങ്ങളുടെ നാശനഷ്ടം. വില്ലേജ് ഓഫീസ് പരിസരത്തെ റേഷൻകടയിലെ 60 ചാക്ക് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. കറ്റിയാടിലെ മലബാർ ഹോട്ടലിലും വലിയ നാശനഷ്ടമുണ്ടായി. കൂടരഞ്ഞി റോഡിലെ കെ.എസ്.ആർ.ടി.സി. ഗാരേജ് വെള്ളത്തിൽ മുങ്ങി. ബസുകൾ ചർച്ച് വളപ്പിലേക്കും ഉയരംകൂടിയ നിരത്തുകളിലേക്കും മാറ്റി.
നാലുപാടും വെള്ളക്കെട്ടിലകപ്പെട്ടതോടെ അങ്ങാടി പൂർണമായും തുരുത്തുപോലെ ഒറ്റപ്പെട്ടനിലയിലായി. മറിയപുറം, ചേപിലങ്കോട്, താഴെ തിരുവമ്പാടി, തമ്പലമണ്ണ, കാളിയാമ്പുഴ, പുല്ലൂരാംപാറ തുരുത്ത്, കറ്റിയാട് കാളിയാമ്പുഴ പ്രദേശങ്ങളിലായി നൂറിലധികം വീടുകളിൽ വെള്ളംകയറി. തൊണ്ടിമ്മൽ, തിരുവമ്പാടി, പുല്ലൂരാംപാറ എന്നിവിടങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ദുരിതാശ്വാസക്യാമ്പുകൾ തുറന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അറിയിച്ചു.
തുടർച്ചയായ മഴയിൽ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ, മഞ്ഞക്കടവ്, പൂവാറൻതോട് തുടങ്ങിയ പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പെരുമ്പൂള സ്രാമ്പി, മഞ്ഞക്കടവ് നായാടംപൊയിൽ, കക്കാടംപൊയിൽ കരിമ്പ് റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.