മലയോര വിനോദസഞ്ചാരസാധ്യതകൾ മനസ്സിലാക്കാൻ കുവൈത്ത് സംഘമെത്തി
തിരുവമ്പാടി : പ്രകൃതിരമണീയതകൊണ്ടും കാർഷിക സമ്പദ്‌സമൃദ്ധിയാലും അനുഗൃഹീതമായ മലയോര ഫാംടൂറിസം കേന്ദ്രങ്ങളുടെ പെരുമ കടൽകടക്കുന്നു. ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും ഈറ്റില്ലമായ കുടിയേറ്റമേഖലയിലെ വിനോദസഞ്ചാരസാധ്യതകൾ മനസ്സിലാക്കാൻ കുവൈത്ത് ടൂർ ഓപ്പറേറ്റർ മുഹമ്മദ് അൽ ശമരിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി.
സ്‌ട്രോങ് ഗ്രൂപ്പ് എന്ന പേരിൽ കുവൈത്തിലെ അറബി വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക വ്യക്തിഗത നൈപുണിവികസന പരിപാടികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനായുള്ള യാത്രയുടെ ഭാഗമായാണ് ഇവർ തിരുവമ്പാടി ഫാംടൂറിസം സർക്യൂട്ട് സന്ദർശിച്ചത്. കേരളത്തിന്റെ തെക്കൻമേഖലയിൽ എല്ലാവർഷവും ഇവരുടെ നാല്പതംഗസംഘം രണ്ടാഴ്ചനീളുന്ന ടൂർപ്രോഗ്രാം നടത്തിവരുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകൾക്ക് വടക്കൻകേരളത്തിൽ സാധ്യതകൾ കൂടുതലാണെന്ന് ഗ്രൂപ്പിനെ അനുഗമിച്ച ഗേറ്റ് വേ മലബാർ ഹോളിഡേയ്‌സ് എം.ഡി. ജിഹാദ് ഹുസൈൻ പറഞ്ഞു.
ഫാംടൂറിസത്തിന്റെ പ്രവർത്തനങ്ങളിൽ സംഘം തൃപ്തിരേഖപ്പെടുത്തി. കടലുണ്ടി കണ്ടൽവനയാത്ര, ചാലിയാറിലെ ജെല്ലി ഫിഷ് കയാക്കിങ്, കോഴിക്കോട് നഗരത്തിലെ ഹെറിറ്റേജ് വാക്ക്, വടകര സർഗാലയ, മിഠായിത്തെരുവിലെ സായാഹ്നനടത്തം, തുഷാരഗിരി വെള്ളച്ചാട്ടം എന്നിവിടങ്ങളും സന്ദർശിച്ചു. വയനാട്ടിലെ വിവിധ സ്ഥലങ്ങളും വെൽനെസ് റിസോർട്ടുകളും സന്ദർശിക്കുന്ന സംഘം ഊട്ടിയും കർണാടകയിലെ വിവിധ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. തിരുവമ്പാടിയിലെത്തിയ സംഘത്തെ പുരയിടത്തിൽ തങ്കച്ചൻ, ദേവസ്യ മുളക്കൽ എന്നിവർ സ്വീകരിച്ചു.