Thiruvambady

യുഡിഎഫും ചില കർഷക സംഘടനകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി

തിരുവമ്പാടി ; ഇ എസ് എ വിഷയത്തിൽ യുഡിഎഫും ചില കർഷക സംഘടനകളും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബഫർ സോൺ സംബന്ധിച്ച പ്രാരംഭ തീരുമാനങ്ങൾ എടുത്തതാണെന്നും, ഇപ്പോൾ ലാഭത്തിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സംഘം ആരോപിച്ചു. മണ്ഡലം കമ്മിറ്റി കൂട്ടിച്ചേർത്തത്, 2014-ൽ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണസമയത്താണ് ബഫർ സോൺ പ്രശ്നം ആരംഭിച്ചത്. ജയറാം രമേഷ് പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോൾ ബഫർ സോണിന്റെ പരിധി 13 കിലോമീറ്റർ ആക്കണമെന്ന് ഉമ്മൻചാണ്ടിയുടെ സർക്കാരിലെ എംഎൽഎമാർ ഉൾപ്പെട്ട കമ്മിറ്റിയാണ് ശുപാർശ ചെയ്തത്.

എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം പരിസ്ഥിതിയിലോ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലോ ഒരു സെന്റ് ഭൂമിപോലും ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. 2018-ൽ ബഫർ സോൺ 123 വില്ലേജുകളിൽ നിന്ന് 92 ആയി കുറക്കാനും, 9993 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8711 കിലോമീറ്റർ വരെ ചുരുക്കാനും എൽഡിഎഫ് സർക്കാർ തീരുമാനിച്ചതായും ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചതായും സംഘം ചൂണ്ടിക്കാട്ടി. 2024 മാർച്ചിൽ ഫീൽഡ് തല പരിശോധനയും, ജനങ്ങളുടെ അഭിപ്രായ രൂപീകരണവും പൂർത്തീകരിച്ചതായി സംസ്ഥാനം റിപ്പോർട്ട് നൽകിയിരുന്നു. ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് പുതിയ ബഫർ സോൺ മാപ്പ് സെപ്റ്റംബർ 28നു മുമ്പ് സമർപ്പിക്കുമെന്നും, കേന്ദ്ര സർക്കാർ കേരളത്തിന്റെ നിലപാടിനോട് പ്രതികൂലമായാൽ എൽഡിഎഫ് പ്രക്ഷോഭത്തിന് തയ്യാറാണെന്നും കമ്മിറ്റി വ്യക്തമാക്കി.

യോഗത്തിൽ വി. കെ. വിനോദ് സ്വാഗതം പറഞ്ഞു. കെ. മോഹനൻ മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ എംഎൽഎ ലിന്റോ ജോസഫ്, കേരള കോൺഗ്രസ് നേതാവ് മാത്യു ചെമ്പോട്ടിക്കൽ, സിപിഐ നേതാവ് ഷാജി കുമാർ, എൻസിപി നേതാവ് ഗുലാം ഹുസൈൻ, സലാം പൈറ്റോളി (ഐ.എൻ.എൽ.), ബാബു ഇ.പി. (ബാലകൃഷ്ണപിള്ള വിഭാഗം), ഇ. രമേഷ് ബാബു, ടി.ജെ. റോയ്, വിൽസൺ താഴത്തുപറമ്പിൽ, സിജോ വടക്കൻ തോട്ടം, ഫൈസൽ തിരുവമ്പാടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button