തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിങ് യന്ത്രങ്ങളുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

തിരുവമ്പാടി : വയനാട് ലോക്സഭ മണ്ഡലത്തിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിങ് യന്ത്രങ്ങളും വിവിപാറ്റും ഉൾപ്പെടെ 30 ശതമാനം റിസർവ് യന്ത്രങ്ങളുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ ഇന്നലെ (ചൊവ്വാഴ്ച 29-10-24 ) പൂർത്തിയായി.
ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ ചേമ്പറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷൻ നടന്നു.
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 181 പോളിംഗ് ബൂത്തുകളിലും മൂന്ന് ഓക്സിലറി ബൂത്തുകളിലും ഈ യന്ത്രങ്ങൾ വിന്യസിക്കും. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബോസ് ജേക്കബ് (കോൺഗ്രസ്), പി അബ്ദുൾ മജീദ് (മുസ്ലിം ലീഗ്), പി ടി ആസാദ് (ജനതാദൾ എസ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ (ചൊവ്വാഴ്ച) താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആർഡി കോളേജിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യഘട്ട പരിശീലനം ആരംഭിച്ചു. രണ്ട് ബാച്ച് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്, ഇന്നും (ബുധനാഴ്ച) പരിശീലനം തുടരും.