വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് വോട്ടഭ്യർത്ഥിച്ച് മുഖ്യ മന്ത്രി ഇന്ന് മുക്കത്തെത്തും
മുക്കം :വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുക്കത്തെത്തും.
പരിപാടിയുടെ ഭാഗമായി ഇന്ന് വൈകീട്ട് മൂന്നിന് തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.
പരിപാടിയിൽ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, മുന്നണിനേതാക്കളായ പി. സന്തോഷ് കുമാർ എം.പി., സ്റ്റീഫൻ ജോർജ്, വി. കുഞ്ഞാലി, മുക്കം മുഹമ്മദ്, ലിന്റോ ജോസഫ് എം.എൽ.എ. തുടങ്ങിയവർ സംസാരിക്കും.
മുക്കം മേഖല മൾട്ടി പർപ്പസ് സൊസൈറ്റിക്ക് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായും പതിനായിരത്തിലേറെപ്പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.
റാലിയിൽ പങ്കെടുക്കാൻ അഗസ്ത്യൻമുഴി വഴി വാഹനത്തിൽ വരുന്നവർ മുക്കം അഭിലാഷ് ജങ്ഷനിൽ ഇറങ്ങണം. നോർത്ത് കാരശ്ശേരി വഴി വരുന്നവർ മുക്കം പാലത്തിനു സമീപവും കൂടങ്ങരമുക്ക് വഴി വരുന്നവർ മുക്കം കടവ് പാലത്തിനു സമീപവും ഇറങ്ങി ചെറുപ്രകടനങ്ങളായി ഓഡിറ്റോറിയത്തിൽ എത്തണം.