കോടഞ്ചേരി ഓമശ്ശേരി റോഡിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിലെ ടാറിങ് പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചതായിരുന്നു. പിന്നീട് ശക്തമായ മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തി വെക്കുകയായിരുന്നു.
സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്ന് 15 കോടി രൂപ അനുവദിച്ച ഓമശേരി– കോടഞ്ചേരി-പുലിക്കയം പുല്ലുരാംപാറ ഇലന്തുകടവ് റോഡിന്റെ ടാറിങ് പ്രവർത്തികളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ശാന്തിനഗറിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി ഗവൺമെന്റ് കോളേജിന്റെ മുൻഭാഗം വരെ ഇരുഭാഗത്തും നേരത്തെ ടാർ ചെയ്‌തിരുന്നു.എന്നാൽ ഗവൺമെൻ്റ് കോളേജ് മുതൽ റോഡിന്റെ ഒരു ഭാഗം ഒരു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്യാൻ സാധിച്ചിരുന്നത്.
പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗമാണ് പ്രവൃത്തി നടത്തുന്നത്. 12 കിലോമീറ്റർ റോഡ് കാപ്പാട്ടുമല സ്റ്റോപ്പിൽ ആരംഭിച്ച് കോടഞ്ചേരി, പുലിക്കയം, വലിയകൊല്ലി, തോട്ടുമുഴി, വഴി പുല്ലുരാംപാറ ഇലന്തുകടവിൽ മലയോര ഹൈവേയിലാണ് അവസാനിക്കുന്നത്. അഞ്ചരമീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ്, കലുങ്കുകൾ, ഡ്രെയ്‌നേജ്, റോഡ് സുരക്ഷാ മാർഗങ്ങൾ എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മലബാർ പ്ലസ് എന്ന കമ്പനിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്