കാരശ്ശേരി ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 10ന്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൃഷ്ണദാസ് കുന്നുമ്മൽ മത്സരിക്കും. ഡിസംബർ 10നാണ് ഉപതെരഞ്ഞെടുപ്പ്.പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി ആരിഫിനെ 125 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കുഞ്ഞാലി മമ്പാട്ട് വിജയിച്ചിരുന്നത്.വാർഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വാർഡിൽ ഏറെ സ്വാധീനമുള്ള കൃഷ്ണദാസിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. വാർഡിൽ തനിക്ക് നൂറു ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്ന് കൃഷ്ണദാസ് പറഞ്ഞു.വാർഡ് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് കൃഷ്ണദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന് സമാൻ ചാലൂളി പറഞ്ഞു.
അതിനിടെ ഇടത് മുന്നണിയും സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി.വാർഡിൽ സ്വാധീനമുള്ള പ്രമുഖ കുടുംബത്തിനുകൂടി സ്വീകാര്യനായ സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ് പരിഗണിക്കുന്നത്.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്.സൂക്ഷ്മപരിശോധന 23 ന് നടക്കും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന് നടക്കും.