എമേഴ്സൻ ജോസഫിന് സിറിയക് ജോൺ കർഷക പ്രതിഭാ പുരസ്കാരം
തിരുവമ്പാടി : അന്തരിച്ച കേരള കാർഷിക വകുപ്പ് മന്ത്രി സിറിയക് ജോണിന്റെ സ്മരണാർത്ഥം സിറിയക് ജോൺ അനുസ്മരണ സമിതി ഏർപ്പെടുത്തിയ സിറിയക് ജോൺ കർഷക പ്രതിഭാ പുരസ്കാരത്തിന് ഈ വർഷം തിരുവമ്പാടി ആനക്കാംപൊയിൽ സ്വദേശി എമേഴ്സൻ ജോസഫ് കല്ലോലിക്കൽ അർഹനായി. മികച്ച സമ്മിശ്ര കർഷകനായ എമേഴ്സൻ ഇതിനകം തന്നെ കോഴിക്കോട് ജില്ലയിലെ മികച്ച ക്ഷീര കർഷകനായും കൊടുവള്ളി ബ്ലോക്കിലെ മികച്ച സമ്മിശ്ര കർഷകനായും പ്രശസ്തനാണ്.
നല്ലൊരു സഹകാരിയായ എമേഴ്സൻ ആനക്കാംപൊയിൽ ക്ഷീര സംഘം പ്രസിഡണ്ടായും തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവമ്പാടി പഞ്ചായത്ത് ഫാം ടൂറിസ സൊസൈറ്റിയുടെ ഭാരവാഹിയുമാണ്.
ഡിസംബർ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോഴിക്കോട് സി.എസ്.ഐ. ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ വച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അവാർഡ് സമ്മാനിക്കും.
പുരസ്കാര ജേതാവ് എമേഴ്സനെ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അനുമോദിച്ചു.. തിരുവമ്പാടി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് തുടർച്ചയായി അംഗീകാരങ്ങൾ നേടുവാനായതിൽ പഞ്ചായത്ത് ഭരണസമിതിയും സന്തോഷം പ്രകടിപ്പിച്ചു.