ജില്ല കലോത്സവത്തിൽ മിന്നും പ്രകടനവുമായി പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
പുല്ലുരാംപാറ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. നാടോടി നൃത്തത്തിൽ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ ധന്വി ദിനേശ് 1st എ ഗ്രേഡ് നേടുകയും സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. കൂടാതെ, കേരളനടനത്തിൽ എ ഗ്രേഡും ധന്വിക്ക് ലഭിച്ചു.
ധന്വിയുടെ അച്ഛൻ ദിനേഷ് കാരശ്ശേരിയും അമ്മ പ്രിയ ദിനേഷും പ്രശസ്ത നർത്തകരാണ്. തിരുവമ്പാടി ഇൻഫന്റ് ജീസസ് എച്ച്.എസിലെ അധ്യാപകനാണ് ദിനേഷ്.
മറ്റു മത്സരങ്ങളിലും സ്കൂൾ തിളങ്ങി. ഹിന്ദി പദ്യം ചൊല്ലൽ മത്സരത്തിൽ അബിയ അലോഷ്യസ് എ ഗ്രേഡ് നേടി. ഹിന്ദി പ്രസംഗത്തിൽ ഭൂമിക പി.എസ് എ ഗ്രേഡും, ശ്രീവിൻ ജി ലാൽ ചിത്രരചന, പെൻസിൽ ജലച്ചായം, വാട്ടർ കളർ തുടങ്ങിയവയിൽ എ ഗ്രേഡുകളും കരസ്ഥമാക്കി. ലിയ ക്രിസ്റ്റി ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടി.
ഈയിടെ നടന്ന ജില്ലാ സ്കൂൾ കായികമേളയിലും സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വിദ്യാർത്ഥികൾ പ്രാതിനിധ്യം തെളിയിച്ചിരുന്നു. കലാ-കായിക രംഗങ്ങളിൽ സ്കൂൾ തുടർച്ചയായി ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നത് ശ്രദ്ധേയമാണ്.