സൈക്കിളിന്റെ ഫ്രെയിമിൽ കാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കാരശ്ശേരി: സൈക്കിളിന്റെ ഫ്രെയിമിന്റെയും ചക്രത്തിന്റെയും ഇടയിൽ കാൽ കുടുങ്ങിയ 10 വയസ്സുകാരനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്റെ മകൻ ഹസൻ റംലിന്റെ കാലാണ് തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സൈക്കിൾ ഓടിക്കുന്നതിനിടെ അപകടത്തിൽ കുടുങ്ങിയത്.
വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഷിയേഴ്സും ഹൈഡ്രോളിക് സ്‌പ്രഡറും ഉപയോഗിച്ച് ഫയർ സേനാ അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ഓഫീസർമാരായ എം.സി. സജിത്ത് ലാൽ, എ.എസ്. പ്രദീപ്, വി. സലിം, വൈ.പി. ഷറഫുദ്ദീൻ, പി. നിയാസ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയുടെ കാലിന് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു