പുതിയ തിരുവമ്പാടി ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം രോഗികൾക്കായി തുറന്നുകൊടുക്കുന്നു
തിരുവമ്പാടി : പുതിയ തിരുവമ്പാടി ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം രോഗികൾക്കായി തുറന്നുകൊടുക്കുന്നു. ഒരാഴ്ചയ്ക്കകം വൈദ്യുതി കണക്ഷൻ ലഭ്യമാകുമെന്നും ഡിസംബർ 15-നകം ഡിസ്പെൻസറി ഉദ്ഘാടനം ചെയ്യാമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അറിയിച്ചു.
നിർമാണം പൂർത്തിയായി ഒരു വർഷമായിട്ടും ഹോമിയോ ഡിസ്പഡിസ്പെൻസറി കെട്ടിടം അടഞ്ഞുകിടക്കുകയായിരുന്നു. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് താഴെ തിരുവമ്പാടിയിൽ ഒരു സ്വകാര്യ കെട്ടിടത്തിലാണ്. വാടകയിനത്തിൽ ലക്ഷത്തിലേറെ രൂപയാണ് പഞ്ചായത്തിന് നഷ്ടമായത്.
നിലവിലുള്ള കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ റോഡിൽ കറ്റ്യാട്ടുള്ള ഡിസ്പെൻസറി കാലപ്പഴക്കം ചെന്ന് തകരാറിലയതോടെയാണ് ഗ്രാമപ്പഞ്ചായത്ത് 30 ലക്ഷം രൂപയോളം വിനിയോഗിച്ച് കെട്ടിടം പുനർനിർമിച്ചത്. പുതിയ കെട്ടിടത്തിൽ ഡോക്ടർ റൂം, ഫാർമസി റൂം, സ്റ്റോർ റൂം, വെയിറ്റിങ് ഏരിയ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക രോഗിക്ക് നൽകിയെന്ന പരാതി സംബന്ധിച്ച് മാതൃഭൂമി കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാത്തിൽ പഞ്ചായത്തധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലാവധി 2024 ഒക്ടോബർ രേഖപ്പെടുത്തിയ ഗുളികയായിരുന്നു അത്. പൊതുവേ ആക്ഷേപങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്ന മാതൃകാ ഡിസ്പെൻസറി കൂടിയാണിത്.