Kodiyathur

കൊടിയത്തൂരിൽ ജൽ ജീവൻ മിഷൻ റോഡ് പ്രശ്നത്തിൽ പ്രതിഷേധം; ഡിസംബർ 2ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഉറപ്പ്

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തകർന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ ജനപ്രതിനിധികൾ കൂളിമാട് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി.

ജൽ ജീവൻ മിഷൻ പ്രോജക്ട് സുതാര്യമാക്കുക, തകർന്ന റോഡുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച സമരത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്, എം.ടി. റിയാസ്, ഫാത്തിമ നാസർ എന്നിവർ പങ്കെടുത്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കാതെയാണു കരാറുകാർ പ്രവർത്തനങ്ങൾ മുടക്കിയത്. ഇതുമൂലം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യമായും തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിൻ്റെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പോലും ഇതിന്റെ ആഘാതം നേരിടുന്ന സാഹചര്യത്തിലാണ് സമരം നടന്നത്.

ജനപ്രതിനിധികൾ അസിസ്റ്റൻറ് എഞ്ചിനീയറുമായി സംസാരിച്ചപ്പോൾ ഡിസംബർ 2നകം കോൺക്രീറ്റ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ടാറിംഗ് റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഉറപ്പ് ലഭിച്ചു. ഇതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു.

“ഉറപ്പ് പാലിക്കാതിരുന്നാൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും,” എന്ന് ഫസൽ കൊടിയത്തൂർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Back to top button