വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക: കെ.സി.വൈ.എം താമരശ്ശേരി രൂപതയുടെ 24 മണിക്കൂർ ഉപവാസം ഇന്ന് വൈകിട്ട് വരെ
കോടഞ്ചേരി: വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.വൈ.എം, എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം ഇന്നലെ ആരംഭിച്ചു. സമരം ഇന്നലെ വൈകിട്ട് 6.30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ താമരശ്ശേരി വികാരി ജനറൽ മോൺ. ജോയിസ് വയലിൽ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം ജനറൽ സെക്രട്ടറി അലീന മാത്യുവിന്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിക്ക് കെ.സി.വൈ.എം രൂപത പ്രസിഡണ്ട് റിച്ചാർഡ് ജോൺ അധ്യക്ഷനായിരുന്നു. താമരശ്ശേരി രൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ ആമുഖ പ്രഭാഷണം നടത്തി. സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സണ്ണി ഓടയ്ക്കൻ, എസ്.എം.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ സി. ജോസ്, കെ.സി.വൈ.എം രൂപത വൈസ് പ്രസിഡണ്ട് അലൻ ബിന്ദു എന്നിവർ സമരത്തിൽ ആശംസകൾ നേർന്നു.
25 പ്രവർത്തകർ പങ്കെടുക്കുന്ന 24 മണിക്കൂർ നിരാഹാര സമരം ഇന്ന് വൈകിട്ട് 6.30-ന് സമാപിക്കും.