കൊടുവള്ളിയിൽ ബ്ലോക്ക് തല ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: സാമൂഹിക ഐക്യദാർഢ്യ പദ്ധതിയുടെ ഭാഗമായും സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വികസന വകുപ്പുകളുടെ സഹകരണത്തോടെയും വട്ടച്ചിറ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി ബ്ലോക്ക് തല ആയുഷ് മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ചെമ്പുകടവ് അംബേദ്കർ ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിബി ചിരണ്ടായത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ വനജ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്ര ഷാഫി മുഖ്യാതിഥിയായി.
വാർഡ് മെമ്പർമാരായ സിസിലി ജേക്കബ് കോട്ടുപ്പള്ളി, റോസ്‌ലി മാത്യു മാണിക്കൊമ്പേൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പുതുപ്പാടി എസ്.സി.പി.എച്ച്. ഹെൽത്ത് സെന്ററിലെ ഡോ. അഞ്ജലിരാജ് ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ക്ലാസുകൾ കൈമാറി.
വട്ടച്ചിറ ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജാരിയ റഹ്മത്ത് എ.ജെ.യും ഡോ. അഞ്ജലിരാജും രോഗികളെ പരിശോധിച്ചു. നെല്ലിപ്പൊയിൽ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ആശ ജോസഫ് യോഗ പരിശീലനം നൽകി.
ക്യാമ്പിൽ 33 പേർ പങ്കെടുത്തു