കോടഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം: ജനങ്ങൾ ഭീതിയിൽ
കോടഞ്ചേരി: നഗരത്തിൽ തെരുവ് നായകളുടെ അതിക്രമം രൂക്ഷമാവുന്നു. തെരുവ് നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഒരു പിഞ്ചുകുഞ്ഞിനെയും രക്ഷിക്കേണ്ടി വന്ന സംഭവം ജനങ്ങളെ കുലുക്കിയിരിക്കുകയാണ്.
ഇന്ന് രാവിലെ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സമീപത്ത് വെച്ചായിരുന്നു ഈ സംഭവം. കുഞ്ഞനിയത്തിയെയും കൊണ്ട് പള്ളിയിൽ പോയി തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയേയാണ് തെരുവ് നായകൾ സംഘം ചേർന്ന് ആക്രമിച്ചത്.. പട്ടികൾ കുട്ടിയുടെ ദേഹത്തേക്ക് ചാടാൻ ശ്രമിച്ചതോടെ പെൺകുട്ടി ഭീതിയിലായി,
സമീപത്ത് ഉണ്ടായിരുന്ന മറ്റു ചിലർ ഓടിയെത്തി പട്ടികളെ ഓടിച്ചതോടെ കുഞ്ഞിനേയും പെൺകുട്ടിയേയും രക്ഷപ്പെടുത്താൻ സാധിച്ചു.
കോടഞ്ചേരിയിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. തെയ്യപ്പാറ റോഡിലും ബസ്റ്റാൻഡ് പരിസരത്തും മത്സ്യ-മാംസം മാർക്കറ്റുകൾക്കും സമീപത്തും നായകൾ സ്ഥിരമായി തമ്പടിക്കാറുണ്ട്. ഇവയുടെ കൂട്ടം തമ്മിലുള്ള കടിപിടി പോലും നഗരത്തിൽ ഭീതിയുണ്ടാക്കാറുണ്ട്.
പകൽ സമയത്ത് അടുക്കള ആവശ്യങ്ങൾക്കായി അങ്ങാടിയിലേക്ക് പോകുന്നവർക്കു പോലും തെരുവ് നായകളുടെ ഭീഷണി അഭിമുഖീകരിക്കേണ്ടി വരുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്