മലയോരമേഖലയിൽ കൂടുതൽ ബസ് ലഭ്യമാക്കണമെന്ന് മലയോരമേഖല കെ.എസ്.ആർ.ടി.സി. ഫോറം

തിരുവമ്പാടി : മലയോര കുടിയേറ്റമേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിൽ കൂടതൽ ബസ് ലഭ്യമാക്കണമെന്ന് മലയോരമേഖല കെ.എസ്.ആർ.ടി.സി. ഫോറം ആവശ്യപ്പെട്ടു. കാലപ്പഴക്കത്തെത്തുടർന്നുള്ള യന്ത്രത്തകരാർ മൂലം സർവീസ് മുടങ്ങുന്നത് ആവർത്തിക്കുകയാണ്. ഓപ്പറേറ്റിങ് സ്റ്റാഫിന്റെയും മെക്കാനിക്കൽ സ്റ്റാഫിന്റയും കുറവ് ഇനിയും നികത്തിയില്ല.
കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രം സർവീസ് നടത്തുന്ന ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കക്കാടംപൊയിൽ, നായാടംപൊയിൽ, പൂവാറംതോട്, കല്ലംപുല്ല്, പാറത്തോട്, തോട്ടുമുക്കം റൂട്ടിൽ ബസുകൾ ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നു. വിദ്യാർഥികളുൾപ്പെടെയുള്ള സ്ഥിരംയാത്രക്കാർ പെരുവഴിയിലാകുന്നു.
യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗതാഗതമന്ത്രി, കെ.എസ്.ആർ.ടി.സി. എം.ഡി. എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിച്ചതായി ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ അറിയിച്ചു.