കൊടിയത്തൂരിൽ കാട്ടുപന്നിശല്യം രൂക്ഷം: കാടിളക്കി നായാട്ട് സംഘടിപ്പിച്ചു
കൊടിയത്തൂർ: കാർഷികമേഖലയായ കൊടിയത്തൂർ പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് നേതൃത്വത്തിൽ കാടിളക്കി നായാട്ട് സംഘടിപ്പിച്ചു. എം. പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ നടന്ന നായാട്ടിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.
പത്ത് ഷൂട്ടർമാരും അഞ്ച് വേട്ടനായകളും പങ്കെടുത്ത നായാട്ടിൽ നായകളെ കാട്ടിലേക്ക് കയറ്റിവിടുകയും പന്നികൾ ഓടിയെത്തുന്ന ഭാഗങ്ങളിൽ ഷൂട്ടർമാർ മുൻകൂട്ടി കാത്തുനിൽക്കുകയും ചെയ്തു. തുടർന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുകയായിരുന്നു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നായാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ഷംലൂലത്ത്, കെ. ജിസീനത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ മാസങ്ങളായി കാട്ടുപന്നിശല്യം പ്രദേശത്തെ കർഷകരെ കഷ്ടത്തിലാക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ പരിഹാരത്തിനായാണ് പഞ്ചായത്ത് നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.