കൂടരഞ്ഞി-പുന്നക്കൽ റോഡ് ബൈപ്പാസിൽ വാരിക്കുഴികൾ രൂപപ്പെട്ട നിലയിൽ

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ ഗതാഗതത്തിരക്കേറിയ പനക്കൽ-കാരക്കാട്ടുപടി-പുരയിടത്തിൽപടി(കൂടരഞ്ഞി റോഡ്-പുന്നക്കൽ റോഡ് ബൈപ്പാസ്) റോഡിൽ നിറയെ വാരിക്കുഴികൾ. നടുറോഡിലാണ് ടാറിങ് പൊട്ടിപ്പിളർന്ന് വൻകുഴികൾ രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവാണ്. കുഴികളിൽ ചെളിവെള്ളം തളംകെട്ടിക്കിടക്കുന്നതിനാൽ ആഴം തിട്ടമല്ലാത്തതിനാൽ അപകടങ്ങൾ പെരുകിയിരിക്കുകയാണ്. ടിപ്പറുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരംപോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു.
തിരുവമ്പാടി അങ്ങാടിയിൽ ഗതാഗതനിയന്ത്രണമുണ്ടായാൽ കൂടരഞ്ഞി, പുന്നക്കൽ, പുല്ലൂംരാംപാറ, കോടഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ആശ്രയിക്കുന്ന ബദൽറോഡ് കൂടിയാണിത്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പരിസരവാസികൾ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽത്തന്നെ അഞ്ചുലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും കാലവർഷവും കാരണമാണ് റോഡുപണി വൈകിയതെന്നും ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി അബ്രഹാം അറിയിച്ചു. മഴ മാറിയ ഉടൻതന്നെ പ്രവൃത്തി തുടങ്ങുന്നതാണ്.