പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഇ എസ് എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : ഇ എസ് എ വിജ്ഞാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും പ്രശ്നങ്ങളും ആശങ്കകളും ചർച്ചചെയ്യാനും പരിസ്ഥിതി മന്ത്രലയത്തിന്റെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് എംപി ക്ക് നിവേദനങ്ങൾ നൽകാനും ഭാവിപരിപാടികൾ ആലോചിക്കാനുമായി പശ്ചിമഘട്ട ജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന കൺവെൻഷൻ ഫ്രാൻസിസ് ജോർജ് എം പി ഉദഘാടനം ചെയ്തു. ഇ എസ് എ യിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരത്തിനായി ശ്രമിക്കുമെന്ന് എംപി ഉദ്ഘാടന സമ്മേളനത്തിൽ ഉറപ്പുനൽകി. പശ്ചിമഘട്ട ജന സംരക്ഷണ സമിതി കോർഡിനേറ്ററുംതാമരശ്ശേരി രൂപത ചാൻസലറുമായ ഫാ.സുബിൻ കവളകാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജന. കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ വിഷയാവതരണം നടത്തി.
സംസ്ഥാനസർക്കാർ നവംബർ രണ്ടിന് കേന്ദ്രത്തിന് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പഞ്ചായത്തുകൾക്കും ജനങ്ങൾക്കും അടിയന്തരമായി ലഭ്യമാക്കണമെന്ന് കൺവെൻഷനിൽ ആവശ്യമുയർന്നു. പാർലമെന്റിൽ നൽകിയ മറുപടി അനുസരിച്ച് 98 വില്ലേജുകളിലെ ഫോറസ്റ്റ് വിസ്തൃതി 8590ച.കി മീ എന്നതിൽ വന്ന തെറ്റ് തിരുത്തണം, റവന്യൂ വില്ലേജുകളുടെ പേരിൽ ഇ എസ് എ പ്രഖ്യാപനം എന്നത് ഉപേക്ഷിക്കണം, ജനസാന്ദ്രത കൂടിയതും ഫോറസ്റ്റ് ഏരിയ കുറഞ്ഞതുമായ മലബാറിലെ വില്ലേജുകളെ കൂടി ഇഎസ്ഐ പരിധിയിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉയർന്നു. 12 ജില്ലകളിലും 29 താലൂക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന 98 വില്ലേജുകളിലെ 30 ലക്ഷത്തിലധികം ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധിയെ അതിജീവിക്കുവാൻ കേരളത്തിലെ 28 എംപിമാർ കേന്ദ്രത്തിലും 140 എംഎൽഎമാർ കേരളത്തിലും ഈ വിഷയം ഉയർത്തി നീതി നടപ്പാക്കുവാൻ സർക്കാരുകളോട് ആവശ്യപ്പെടണം,. സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉന്നയിച്ചു.
അല്ലാത്തപക്ഷം നിയമപരമായ നടപടികളുമായി പോകേണ്ടി വരുമെന്നും ജനങ്ങൾ നീതിക്കായി തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും കൺവെൻഷൻ സർക്കാരിനെ ഓർമിപ്പിച്ചു. യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി സ്വാഗത പ്രസംഗം നടത്തി. സമിതിയുടെ കോടഞ്ചേരി മേഖലാ കോഡിനേറ്റർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് , തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ , പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ്, കെ എം പൗലോസ്, വിൻസെന്റ് വടക്കേമുറി, അബൂബക്കർ മൗലവിഎന്നിവർ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ തിരുവമ്പാടി , നെല്ലിപ്പൊയിൽ, കോടഞ്ചേരി, പുതുപ്പാടി വില്ലേജുകളിലെ മേഖലാ ഭാരവാഹികളുടെയും ,പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും നേതൃത്വത്തിലും, പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലും ,മറ്റ് വിവിധ സംഘടന പ്രതിനിധികളുടെ നേതൃത്വത്തിലും ഇ എസ് എ വില്ലേജുകളിൽനിന്ന് എത്തിയവർ ആശങ്കകൾ അറിയിച്ചുകൊണ്ട് എംപിക്ക് നേരിട്ട് നിവേദനങ്ങൾ നൽകി.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ,വിവിധ സംഘടന നേതാക്കന്മാർ, പൊതുജനങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഷിനോയ് അടക്കാപ്പാറ നന്ദി പറഞ്ഞു.