Thiruvambady
മലയോര ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോര ഹൈവേയിൽ കാരാട്ടുപാറയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം നിശ്ശേഷം തകർന്നു. കാർ ഓടിച്ചിരുന്ന പുന്നക്കൽ പ്ലാത്തോടിൽ പി.എം. ഉമ്മറിനെ (57) മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എതിർദിശയിൽ വന്ന കുടുംബം സഞ്ചരിച്ച കാറിലുണ്ടായിരുന്ന ആനക്കാംപൊയിൽ സ്വദേശി രാജു എന്ന ജോണിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൂടരഞ്ഞി ഭാഗത്തുനിന്ന് പുന്നക്കലിലേക്ക് പോകുകയായിരുന്ന കാറും ആനക്കാംപൊയിലിൽനിന്ന് കൂടരഞ്ഞി ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. ഉമ്മറിനെ ഡിസ്ച്ചാർജ് ചെയ്തു.