സ്കൂൾ അങ്കണത്തിലെ ചോളക്കൃഷി വിളവെടുത്തു
മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് നട്ടുനനച്ചുവളർത്തിയ ചോളക്കൃഷി വിളവെടുത്തു. വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയപരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമാണ് ചോളം കൃഷിചെയ്തത്. വിളവെടുപ്പുത്സവം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് പി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾമാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷനായി. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതിയിലൂടെ ഒട്ടേറെ വിദ്യാർഥികൾ വീടുകളിൽ ചോളവും പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, പി.എം. ഷാനിൽ, സുനീഷ് ജോസഫ്, വിമൽ വിനോയി, ഡോൺ ജോസ്, ജിൽസ് തോമസ്, ഡേവിസ് മാത്യു, കെ.ജെ. ഷെല്ലി, സിന്ധു സഖറിയ, അനു ജോണി, വിദ്യാർഥിപ്രതിനിധി ഡെലീഷ റാബിയ, പാചകത്തൊഴിലാളികളായ ഗിരിജ, പാർവതി എന്നിവർ സംസാരിച്ചു.