ഓടത്തെരുവിൽ മിനി കണ്ടെയ്നർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
മുക്കം : മിനി കണ്ടെയ്നർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ ഡ്രൈവർ അമീർ (30), ക്ലീനർ പ്രസാദ് (35) എന്നിവർക്കാണ് പരിക്കേറ്റത്. എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടത്തെരുവിന് സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
മലപ്പുറത്തുനിന്ന് മുക്കംഭാഗത്തേക്ക് അവലുമായി പോവുകയായിരുന്ന മിനി കണ്ടെയ്നർ റോഡരികിൽ ലോറിക്ക് പിന്നിലിടിച്ചശേഷം സംരക്ഷണ ഭിത്തിയിലിടിച്ചാണ് നിന്നത്.ഇടിയുടെ ആഘാതത്തിൽ പൂർണമായുംതകർന്ന മിനി കണ്ടെയ്നറിനുള്ളിൽ കുടുങ്ങിയ അമീറിനെയും പ്രസാദിനെയും മുക്കം അഗ്നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഇടിയുടെ ആഘാതത്തിൽ ഡാഷ്ബോർഡ്, സ്റ്റിയറിങ് ഉൾപ്പെടെ ശരീരത്തിൽ അമർന്നു രണ്ടുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു.
ഇവരെ ഉടനെ മണാശ്ശേരിയിലെ സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അമീറിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.