Thiruvambady

ഹൗസിങ് ബോർഡ് സ്ഥലം വന്യജീവികളുടെ വിഹാരകേന്ദ്രം; 2.10 ഏക്കർ കാടുമൂടി

തിരുവമ്പാടി : പുല്ലൂരാംപാറ ജോയി റോഡിൽ ഇന്ദിരാ നഗർ കോളനി റോഡിനു സമീപം ഹൗസിങ് ബോർഡ് സ്ഥലം കഴിഞ്ഞ 30 വർഷമായി വന്യജീവികളുടെ വിഹാരകേന്ദ്രം, നാട്ടുകാർ ഭീതിയിൽ. 1994ൽ ആണ് രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിക്ക് 2.10 ഏക്കർ ഹൗസിങ് ബോർഡ് ഏറ്റെടുത്തത്. ദരിദ്ര വിഭാഗങ്ങൾക്കു വീടുവച്ചു കൊടുക്കുകയായിരുന്നു ലക്ഷ്യം. പിന്നീട്, കുറച്ചു വീടുകൾക്കു തറ കെട്ടി. എന്നാൽ, നിർമാണത്തിലെ അപാകതയും കുടിവെള്ളത്തിന്റെ ദൗർലഭ്യവും ചൂണ്ടിക്കാട്ടി പരാതി വന്നതോടെ നിർമാണം ഉപേക്ഷിച്ചു.

കാടുകയറിയ സ്ഥലം വന്യ മൃഗങ്ങളുടെ താവളമായി. സമീപത്തുള്ളവരുടെ കൃഷി മുള്ളൻപന്നിയും കാട്ടുപന്നിയും നശിപ്പിച്ചു. പാമ്പും കുറക്കനും ഹൗസിങ് ബോർഡ് സ്ഥലത്ത് സ്വൈരവിഹാരം നടത്തി. 2012 ഓഗസ്റ്റ് 6ന് ചെറുശേരി ജോയി റോഡിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും ഇവിടെ അടിയുകയും സ്ഥലത്തിന്റെ മേൽഭാഗം കുറെ കുത്തിയൊലിച്ചു പോകുകയും ചെയ്തു. 2023ൽ കാടുകയറി വന്യമൃഗങ്ങളുടെ സങ്കേതമായിത്തീർന്ന ഹൗസിങ് ബോർഡ് സ്ഥലത്തെ ചൊല്ലി വ്യാപക പരാതി ഉയർന്നു. തുടർന്നു, ഹൗസിങ് ബോർഡ് അധികൃതർ മണ്ണുമാന്തി ഉപയോഗിച്ച് പ്രദേശം വെട്ടിത്തെളിച്ചു.

ഇതോടെ സ്ഥലം എന്തെങ്കിലും പദ്ധതിക്ക് ഉപയോഗിക്കുമെന്നു ജനം പ്രതീക്ഷിച്ചു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല വീണ്ടും സ്ഥലം കാടുകയറി പഴയപടിയായി. പ്രദേശവാസികൾ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഏതെങ്കിലും സർക്കാർ വകുപ്പിന് പാട്ടത്തിന് നൽകുകയോ, ഏതെങ്കിലും സർക്കാർ പദ്ധതിക്ക് സ്ഥലം വിട്ടു കൊടുക്കുകയോ ചെയ്യാൻ സാധിക്കും.സർക്കാർ അനുവദിച്ചാൽ ലൈഫ് മിഷൻ പദ്ധതി ഭവന നിർമാണത്തിനും ഈ സ്ഥലം ഉപയോഗിക്കാം. ശുദ്ധജല ലഭ്യതയ്ക്കു പദ്ധതി ഒരുക്കിയാൽ സ്ഥലത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.

Related Articles

Leave a Reply

Back to top button