Thiruvambady

ഉറുമി പദ്ധതി രണ്ട്: പുനഃസ്ഥാപിക്കാൻ‌ നടപടിയില്ല; വൈദ്യുതി ബോർഡിന് കോടികളുടെ നഷ്ടം

തിരുവമ്പാടി : ഉറുമി വൈദ്യുത പദ്ധതി രണ്ടിലെ പെൻസ്റ്റോക്ക് പൈപ്പ് തകർന്നു 2 വർഷമാകാറായിട്ടും പദ്ധതി പുനഃസ്ഥാപിക്കാൻ‌ നടപടിയില്ല. വൈദ്യുതി ബോർഡിനു കോടികളുടെ നഷ്ടം. ആസൂത്രണ ഇല്ലായ്മയും കെടുകാര്യസ്ഥതയും കാരണം ഈ പദ്ധതിയിൽ വൈദ്യുതി ഉൽപാദനം നിലച്ചു. 2023 ജൂലൈ 4ന് ആണ് പദ്ധതിയുടെ പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർഹൗസിൽ വെള്ളം കയറി ജനറേറ്ററുകൾ ഉൾപ്പെടെ നശിച്ചത്. ഇത്രയും കാലമായിട്ടും അറ്റകുറ്റപ്പണികൾക്കു കാര്യമായ നടപടിയില്ല. മഴക്കാലത്ത് 6 മാസം വൈദ്യുതോൽപാദനം നടത്തുന്ന പദ്ധതിയാണിത്.

പൊയിലിങ്ങാപുഴയിൽ ചൈനീസ് സാങ്കേതിക സഹായത്തോടെ ഉറുമിയിൽ 2 ചെറുകിട വൈദ്യുത പദ്ധതികളാണ് നിർമിച്ചത്. ഉറുമി ഒന്ന് കൂടരഞ്ഞി പഞ്ചായത്തിലും ഉറുമി 2 തിരുവമ്പാടി പഞ്ചായത്തിലും ആണു സ്ഥാപിച്ചത്. 2004ൽ 2 പദ്ധതികളും കമ്മിഷൻ ചെയ്തു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതിയുടെ യന്ത്ര സംവിധാനങ്ങളിൽ അറ്റകുറ്റപ്പണിയും നടത്തിയിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. വെള്ളത്തിന്റെ സമ്മർദം കാരണം പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാണ് പവർ ഹൗസിൽ വെള്ളം കയറി യന്ത്രസംവിധാനം തകരാറിലായത്. ഓഫിസ് മുറിയിലും കൺട്രോൾ റൂമിലും ജനറേറ്റർ മുറിയിലും വെള്ളം കയറി.

.8 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 3 ജനറേറ്റർ ആണ് ഇവിടെയുള്ളത്. പൈപ്പ് പൊട്ടിയതോടെ 2.4 മെഗാവാട്ട് ഉൽപാദനം ആണ് നിലച്ചത്. ഇതോടെ കെഎസ്ഇബിക്ക് വലിയ നഷ്ടമാണു നേരിട്ടത്. ഉറുമി 2 തകരാർ മലബാർ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കും കാരണമായി. തകരാറിലായ പെൻസ്റ്റോക്ക് പൈപ്പിന്റെ ഭാഗം കൊച്ചിൻ ഷിപ്‌യാഡിന് അയച്ചു പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൻസ്റ്റോക്ക് പൈപ്പ് മുഴുവനും മാറ്റണമെന്ന തീരുമാനമാണു വന്നത്. ഇതിന് ഒരു വർഷം സമയം എടുക്കും. 2 കോടി രൂപ ആണ് ഇതിന് വകയിരുത്തിയത്. എന്നാൽ, കരാർക്കമ്പനികൾ അതിലും ഉയർന്ന തുകയാണ് ആവശ്യപ്പെട്ടത്. ഇതോടെ ടെൻഡർ നടപടികളും മുടങ്ങി. ഇനി ഉയർന്ന തുകയുടെ അംഗീകാരം കെഎസ്ഇബി നൽകണം. അതിനു ശേഷം മാത്രമേ തുടർ നടപടി ഉണ്ടാകൂ.

Related Articles

Leave a Reply

Back to top button