ആവേശക്കാഴ്ചകളോടെ രാഗം ഫെസ്റ്റിന് കൊടിയിറങ്ങി

മുക്കം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കാലിക്കറ്റ് (എൻ.ഐ.ടി.സി.) സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരികോത്സവമായ രാഗം 25-ന് ആവേശക്കാഴ്ചകളോടെ കൊടിയിറക്കം.
മൂന്ന് ദിനരാത്രങ്ങൾ നീണ്ട മത്സരങ്ങൾ, കലാ-സംഗീത പ്രകടനങ്ങൾ, ശില്പശാലകൾ, സാഹിത്യസമ്മേളനങ്ങൾ, തുടങ്ങിയവയ്ക്കാണ് ഞായറാഴ്ച അർധരാത്രിയോടെ സമാപനമായത്. തെയ്യം, കളരിപ്പയറ്റ്, തോൽപ്പാവക്കൂത്ത് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും ഭരതനാട്യം, ഒപ്പന, താൽ സേ താൽ തുടങ്ങിയ മത്സരങ്ങളും പാശ്ചാത്യസംഗീതവും ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
രാജൻ സ്മാരക ലളിതഗാനമത്സരം, വെസ്റ്റേൺ സോളോ, റാപ്പ് ബാറ്റിൽ, മാപ്പിളപ്പാട്ട്, ക്ലാസിക്കൽ സോളോ എന്നിവയുൾപ്പെടെയുള്ള കലാ-സംഗീത പരിപാടികളും ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, ട്രഷർ ഹണ്ട് തുടങ്ങിയ പരിപാടികളും വേറിട്ടതായി.
ഗായത്രി രാജീവ്, സ്വാസ്തി ബാൻഡ്, ബാദുഷ, സൽമാൻ, ലൈം ടീ തുടങ്ങിയ കലാകാരന്മാരുടെയും ബാൻഡുകളുടെയും തത്സമയപ്രകടനങ്ങൾ, വിവിധ ഭാഷകളിലുള്ള തെരുവുനാടകങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി. ജോബ് കുര്യൻ, ശൽമാലി ഖോൽഗഡെ, കനിക കപൂർ, സലിം സുലൈമാൻ, പൈനാപ്പിൾ എക്സ്പ്രസ് തുടങ്ങിയവരുടെ പരിപാടികൾക്കും ആസ്വാദകരേറെയെത്തി.