കൂപ്പൺവിറ്റ് കൂട്ടുകാരിക്ക് വീടൊരുക്കി വിദ്യാർഥികൾ

കൊടിയത്തൂർ : കൂട്ടുകാരിക്ക് വാസയോഗ്യമായ വീടില്ലെന്നറിഞ്ഞ് കൊച്ചുകുട്ടികളെല്ലാം കൂട്ടുചേർന്നുനടത്തിയ പരിശ്രമം ഫലംകണ്ടു.
കാരുണ്യഭവനം നിർമിച്ച് അവരുടെ കൂട്ടുകാരിക്ക് സമ്മാനിക്കാനായി. കൊടിയത്തൂർ ജി.എം.യു.പി. സ്കൂൾകുട്ടികളാണ് പത്തുരൂപയുടെയും 20 രൂപയുടെയും കൂപ്പണുകളുമായി നാട്ടുകാരെ സമീപിച്ച് വീടുനിർമാണത്തിന് തുക സമാഹരിച്ച് ഉത്കൃഷ്ടമാതൃകയ്ക്ക് നേതൃത്വം നൽകിയത്. കുട്ടികൾക്ക് അധ്യാപകരും രക്ഷിതാക്കളും പിന്തുണയുമായി ഒപ്പം ചേർന്നതോടെ ആറുലക്ഷത്തിലേറെ രൂപ സമാഹരിച്ച് ചുരുങ്ങിയ സമയംകൊണ്ട് വീട് പൂർത്തിയാക്കാനായി.
വീടിന്റെ താക്കോൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഹെഡ്മാസ്റ്റർ ഇ.കെ. അബ്ദുൽ സലാമിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. നദീറ അധ്യക്ഷയായി. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തംഗം ടി.കെ. അബൂബക്കർ, വി. ഷംലൂലത്ത്, പി.ടി.എ. പ്രസിഡൻറ് കുയ്യിൽ റഷീദ്, എസ്.എം.സി. ചെയർമാൻ നൗഫൽ പുതുക്കുടി, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ടി.ടി. അബ്ദുറഹിമാൻ, സെക്രട്ടറി മജീദ് പുതുക്കുടി, ഗൃഹ നിർമാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് നജീബ് ആലിക്കൽ, എം.കെ. ഷക്കീല തുടങ്ങിയവർ സംസാരിച്ചു.