മലയോരത്ത് തേൻകൊയ്ത്ത് കളംപിടിച്ച് മലയാളികൾ

കോടഞ്ചേരി : മലയോരത്ത് ഇത് തേൻകൊയ്ത്തിന്റെ കാലമാണ്. വേനൽച്ചൂടിൽ തളിർത്തും പൂത്തും നിൽക്കുന്ന വൃക്ഷങ്ങളുടെ മേലാപ്പിൽ തേനീച്ചകളുടെ ആരവമാണ്. അനുകൂല കാലാവസ്ഥയിൽ തേൻകൊയ്ത്ത് സംഘങ്ങളും ആഹ്ലാദത്തിൽ. ഒരു വർഷത്തോളം തേനീച്ചകളെ പരിപാലിച്ചും പെട്ടിയൊരുക്കിയും അവർ കാത്തിരുന്ന കാലം. ഏറെ ലാഭകരമായ തേൻകൃഷിയിൽ തമിഴ് കുത്തക തകർത്ത് മലയാളികൾ കളംപിടിച്ചുകഴിഞ്ഞു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് മലയോരത്ത് തേൻകൊയ്ത്ത്. ഇടമഴ ചതിച്ചില്ലെങ്കിൽ അഞ്ചുദിവസം കൂടുമ്പോൾ പെട്ടികളിൽനിന്ന് തേൻ ശേഖരിക്കാം. മാർച്ച് അവസാനത്തോടെ ഉത്പാദനം നിലയ്ക്കും. തളിരിലകൾ മൂത്ത് പൂവായതോടെ റബ്ബർത്തോട്ടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തേനീച്ചപ്പെട്ടികളിൽ തേൻ നിറഞ്ഞുകഴിഞ്ഞു. മലയോരമേഖലയിലെ ഗുണമേന്മയേറിയ തേനിന് മാർക്കറ്റിൽ എ ഗ്രേഡ് ആണ്. പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലെ റബ്ബർത്തോട്ടങ്ങളിലും തെങ്ങിൻതോപ്പുകളിലും നിരനിരയായി വെച്ചിരിക്കുന്ന തേനീച്ചപ്പെട്ടികൾ സാധാരണ കാഴ്ചയാണ്.
മാർച്ച് അവസാനത്തോടെ ഉത്‌പാദനം നിലയ്ക്കുമ്പോൾ പെട്ടികളിൽനിന്ന് തേനട മാറ്റി വൃത്തിയാക്കും. റാണി ഈച്ചയെ വിരിയിച്ചുമാറ്റി കൂടുതൽ തേൻ പെട്ടികൾ ഉണ്ടാക്കും. ഇങ്ങനെ, തേനീച്ചക്കൂട്ടത്തെ വിറ്റും വരുമാനം നേടാം. മഴക്കാലത്ത് ഓരോ ആഴ്ചയിലും പെട്ടിയിൽ പഞ്ചസാരലായനി നൽകും. തേനീച്ചയുടെ രോഗബാധയ്ക്കെതിരേയും കരുതൽ വേണം. ശ്രമകരമായ പരിപാലനത്തിന്റെ പ്രതിഫലമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തേൻകൊയ്ത്ത്.