തിരുവമ്പാടിയിൽ ‘വനംമന്ത്രി’യെ വഴിയിൽ തടഞ്ഞ് കൂട്ടിലടച്ചു

തിരുവമ്പാടി : ആന, പുലി, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളാൽ മലയോര, കുടിയേറ്റജനത അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന വനം മന്ത്രിയെ ‘വഴിയിൽ തടഞ്ഞു കൂട്ടിലടച്ചു’.
മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബസ് സ്റ്റാൻഡിൽ വന്യജീവി ആക്രമണത്തിനെതിരേ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. വനംമന്ത്രി എന്നെഴുതിയ കാറിൽ മന്ത്രിയുടെ വേഷംധരിച്ച ആളെത്തിയതോടെ ലീഗ് പ്രവർത്തകർ വാഹനം വളഞ്ഞു. തടഞ്ഞു നിർത്തിയ കാറിൽനിന്ന് മന്ത്രിയെ വലിച്ചുപുറത്തിട്ട് കൂട്ടിലടയ്ക്കുകയായിരുന്നു.
കർഷകസംഘം മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി മന്ത്രിയായും എം.എസ്.എഫ്. നേതാവ് അൻഫസ് ഗൺമാനായും വേഷമിട്ടു. പ്രതിഷേധ പരിപാടിക്ക് ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ്, സി.എ. മുഹമ്മദ്, കെ.പി. അബ്ദുറഹ്മാൻ, വി.എ. നസീർ, എ.കെ. സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, കെ.എം. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.
മലയോരത്ത് പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം പൊതുജനത്തിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുമ്പോഴും അനങ്ങാപ്പാറ നയമാണ് വനംവകുപ്പും സർക്കാരും സ്വീകരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
വന്യജീവി അക്രമം തടയുന്നതിന് വനാതിർത്തികളിൽ സൗരോർജവേലി, കിടങ്ങ് നിർമാണം തുടങ്ങിയ പദ്ധതികൾ ഉടൻ നടപ്പാക്കണമെന്നും നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.