Kodanchery

ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍

കോടഞ്ചേരി :നോളജ് സിറ്റി ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിയത്. വിവിധ മത നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെത്തിയ ഇഫ്താര്‍, രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറി. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്നാണ് നോമ്പ് തുറന്നത്.
ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത- ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നത് പഴഞ്ചന്‍ സ്വഭാവമാണെന്ന ധാരണയും ലിബറല്‍ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാര്‍മിക മൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്‌നേഹവും സഹായ മനസ്‌കതയും രൂപപ്പെടുകയുള്ളൂ എന്ന് ഇഫ്താര്‍ സന്ദേശത്തില്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഫാ.ജോര്‍ജ് കളത്തൂര്‍, ഫാ. പ്രസാദ് ഡാനിയേല്‍, സ്വാമി ഗോപാല്‍ജി, കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗ്രാന്‍ഡ് ഇഫ്താറിന് പുറമെ രാവിലെ പത്തു മുതല്‍ പുരലും വരെ വിവിധങ്ങളായ സംഗമങ്ങളും പ്രഭാഷണങ്ങളും പാരായണങ്ങളും നടന്നു. മഹ്ളറത്തുല്‍ ബദ് രിയ്യ വാര്‍ഷിക സംഗമം, ഖത്മുല്‍ ഖുര്‍ആന്‍- മൗലിദ് സദസ്സ്, ബദ് രീയം- പഠന സംഗമം, പ്രാര്‍ഥനാ സംഗമം, തഅ്ജീലുല്‍ ഫുതൂഹ് പാരായണം തുടങ്ങിയവയാണ് നടന്നത്. സയ്യിദ് ഐദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി കല്ലറക്കല്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് ശാഫി ബാഅലവി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button