ലഹരിവിപത്തിനെതിരേ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിനുമായി എൻഎസ്എസ് വിദ്യാർഥികൾ

തിരുവമ്പാടി : ലഹരിവിപത്തിനെതിരേ ഉന്നതവിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിന് ജില്ലയിൽ തുടക്കം.
ജില്ലാ എൻഎസ്എസ് ആസാദ് സേനയുടെ നേതൃത്വത്തിൽ തിരുവമ്പാടി അൽഫോൻസാ കോളേജ്, തെച്ചിയാട് അൽ ഇർഷാദ് ആർട്‌സ് ആൻഡ് സയൻസ് വിമെൻസ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. തെരുവുകളിലും സ്ഥാപനങ്ങളിലും ഡോർ ടു ഡോർ കാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനംചെയ്തു.
എസ്ഐ അനന്തു മോഹൻ ലഹരിവിരുദ്ധ സന്ദേശം നൽകി. അൽഫോൻസ കോളേജ് പ്രിൻസിപ്പൽ കെ.വി. ചാക്കോ, എൻഎസ്എസ് ആസാദ് സേന ജില്ലാ കോഡിനേറ്റർ ലിജോ ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ കാവ്യാ ജോസ്, ജി. സംഗീത, ജമീമാ ജോണി എന്നിവർ സംസാരിച്ചു.
ആൽബിൻ പോൾസൺ, അഫ്ര ഷിറിൻ, സാനിയ മോൾ ചാൾസ്, ബിഹൈസ് ബെന്നി, ശ്രീപാർവതി, പി.ജെ. അൽഫോൺസ എന്നിവർ നേതൃത്വംനൽകി. മനുഷ്യച്ചങ്ങല, ബോധവത്കരണ ക്ലാസുകൾ, സംവാദം, ജനജാഗ്രതാ സദസ്സ്, കുടുംബജാഗ്രതാ സദസ്സുകൾ, പോസ്റ്റർ രചന, ഫ്ലാഷ് മോബ്, തെരുവുനാടകം തുടങ്ങിയവ നടക്കും.