മേലേ പൊന്നാങ്കയത്ത് കാട്ടാനക്കലി; തെങ്ങ്, കമുക്, വാഴ തുടങ്ങിയവ നശിപ്പിച്ചു

തിരുവമ്പാടി : മേലേ പൊന്നാങ്കയത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. താളനാനിയിൽ പ്രിൻസിന്റെ കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ എന്നിവ കാട്ടാന നശിപ്പിച്ചു. ടാപ്പിങ് നടത്തുന്ന റബർ തോട്ടത്തിൽ വച്ചിരുന്ന റബർ പാൽ സംഭരിക്കാനുള്ള ഒട്ടേറെ ബാരലുകൾ ചവിട്ടിത്തകർത്തു. അമ്പലവയലിൽ സാബു, വിജയരാജ് പറമ്പനാട്ട് എന്നിവരുടെ കൃഷിയിടത്തിലും കാട്ടാന വിളകൾ നശിപ്പിച്ചു. ഈ മേഖലയിൽ ആർആർടി വന്നു കാട്ടാനകളെ ഓടിച്ചെങ്കിലും വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങുന്നുണ്ട്.
പ്രദേശത്തെ വനാതിർത്തിയിൽ രണ്ട് കിലോമീറ്റർ ഫെൻസിങ് നടത്തിയെങ്കിലും അതു കാര്യക്ഷമം അല്ലാത്തതിനാലാണു കാട്ടാനകൾ കൃഷിയിടത്തിലേക്ക് വരുന്നതെന്നു കർഷകർ പറഞ്ഞു. ഇതിനു സമീപത്തെ പല തോട്ടങ്ങളും കാടുകയറിയതും ആനശല്യത്തിനു കാരണമായി. ഫെൻസിങ് സ്ഥാപിച്ച മേഖലകളിൽ കാടു തെളിക്കാത്തതു കാരണം ഉപയോഗരഹിതമായി. കാട്ടാനകൾക്കു പുറമേ കുരങ്ങുശല്യവും കർഷകരെ വലയ്ക്കുന്നു. വനപാലകർ ഇടപെട്ട് പ്രദേശത്തെ വന്യമൃഗ ശല്യത്തിനു പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.