അമൃത് പദ്ധതി പൈപ്പിടൽ: റോഡുകളിൽ ദുരിതയാത്ര

മുക്കം : നഗരസഭയിൽ അമൃത് പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കിയില്ല; ദുരിതയാത്ര തുടരുന്നു. ഓർഫനേജ് പെരളിയിൽ റോഡിന്റെ മെയിൻ ഭാഗം, മൂലത്ത്, വണ്ടൂർ റോഡുകളിലാണു ദുരിതയാത്ര. വേനൽമഴ കൂടിയായതോടെ റോഡുകളിൽ കാൽനടയാത്ര പോലും ദുസ്സഹമാണ്. റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. റോഡുകൾ കുത്തിപ്പൊളിച്ചിട്ടു മാസങ്ങളായി.
ടൗൺ റസിഡന്റ്സ് അസോസിയേഷൻ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് റോഡിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും മിക്കയിടത്തും ടാറിങ് ചെയ്തിട്ടില്ല. മണ്ണുമാന്തി ഉപയോഗിച്ച് ആദ്യം കുഴികളിൽ സ്ഥാപിച്ച ക്വാറി അവശിഷ്ടം മാറ്റി മെറ്റലുകൾ പാകി നിരപ്പാക്കുക മാത്രമാണു ചെയ്തത്. പ്രവൃത്തിക്കിടെ മണ്ണുമാന്തി യന്ത്രം വീടുകളുടെ പൂട്ടുകട്ടകൾ തകർത്തതായും പരാതിയുണ്ട്.വീടിന്റെ ഗേറ്റ് തുറന്ന് പ്രവൃത്തി നടത്തിയത് കാരണമാണു പൂട്ടുകട്ടകൾ ഒട്ടേറെ പൊട്ടിയത്. പരാതി പറഞ്ഞിട്ടും ഇത് പരിഹരിക്കാൻ കരാറുകാർ തയാറായില്ല.