കൊടിയത്തൂർ ബാങ്കിന്റെ വിപുലീകരിച്ച കർഷകസേവനകേന്ദ്രം തുറന്നു

കൊടിയത്തൂർ : വളം, വിത്ത്, കീടനാശിനി, കാർഷികയന്ത്രങ്ങൾ, അവയുടെ ഉപയോഗത്തിനുള്ള പരിശീലനം, ആധുനിക കൃഷിരീതി പരിശീലനം, കാർഷികയന്ത്രങ്ങളുടെ പരിശീലനംനേടിയ ഹരിതസേന തുടങ്ങി സമഗ്രസഹായം കർഷകർക്ക് ലഭ്യമാക്കുന്ന കൊടിയത്തൂർ സഹകരണബാങ്കിന്റെ ഗ്രീൻലാൻഡ് കർഷകസേവനകേന്ദ്രം വിപുലീകരിച്ചു.
സഹകരണവകുപ്പുമുഖേന സർക്കാർ കുന്ദമംഗലം ബ്ലോക്കുതലത്തിൽ കൊടിയത്തൂർ സഹകരണബാങ്കിന് അനുവദിച്ച കർഷകസേവനകേന്ദ്രം എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ എരഞ്ഞിമാവിനുസമീപമാണ് പ്രവർത്തിച്ചുവരുന്നത്. കാർഷികോത്പാദനം വർധിപ്പിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തുകളിലെ കാർഷികപ്രവർത്തനങ്ങൾ ബ്ലോക്കുതലത്തിൽ ഏകോപിപ്പിക്കുക, കർഷകർക്ക് ഗുണമേന്മയുള്ള വിത്ത്, വളം, കീടനാശിനി എന്നിവ ലഭ്യമാക്കുക, ആധുനികരീതിയിൽ ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് കർഷകർക്ക് പരിശീലനവും നിർദേശങ്ങളും നൽകുക, കർഷകർക്കാവശ്യമായ കാർഷികോപകരണങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.
അത്യുത്പാദനശേഷിയുള്ള വിത്തുകൾ, തൈകൾ, വിവിധതരം ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ, ചെടിച്ചട്ടികൾ എന്നിവയും ലഭ്യമാണ്. വിപുലീകരിച്ച കർഷകസേവനകേന്ദ്രം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡൻറ് സന്തോഷ് സബാസ്റ്റ്യൻ അധ്യക്ഷനായി. ആദ്യവിൽപ്പന കൃഷി അസിസ്റ്റൻറ് നിഷയ്ക്കുനൽകി എംഎൽഎ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് എ.സി. നിസാർബാബു, സെക്രട്ടറി ഇൻചാർജ് സി. ഹരീഷ്, ഡയറക്ടർമാരായ ഷാജു പ്ലാത്തോട്ടം, എം.കെ. ഉണ്ണിക്കോയ, കെ.സി. മമ്മത്കുട്ടി, എ.പി. നൂർജഹാൻ, എം. കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു.