മുക്കംകടവ് പാലം-കുമാരനല്ലൂർ റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയാക്കി

കാരശ്ശേരി : മുക്കംകടവ് പാലം-കുമാരനല്ലൂർ റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയാവുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് പ്രവൃത്തി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പൂർത്തിയാക്കി. ഇതോടെ റോഡിലെ യാത്രാദുരിതവും പൊടിശല്യവും അവസാനിച്ചു. ഒരുമാസത്തോളമായി പ്രവൃത്തി നിർത്തിവെച്ചിരുന്നതിനാൽ റോഡിൽ നിറയെ കുഴികളും മെറ്റലിളകിക്കിടക്കുകയുമായിരുന്നു.
പാറപ്പൊടിയുടെ വ്യാപനം യാത്രക്കാർക്കും പരിസരവാസികൾക്കും കച്ചവടക്കാർക്കും വലിയദുരിതമായിരുന്നു. ഈ റോഡ് സംഗമിക്കുന്ന താഴെതിരുവമ്പാടി-മണ്ടാംകടവ് റോഡ് ജങ്ഷനിൽ ടാറിട്ടറോഡിനുമുകളിൽ വൻതോതിൽ പാറപ്പൊടിയടിഞ്ഞത് ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടങ്ങൾക്കും കാരണമായിരുന്നു. രണ്ടുദിവസത്തിനിടെ അഞ്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ടാറിങ് പ്രവൃത്തി നടത്തിയതോടെ ഇത്തരം യാത്രാദുരിതവും പൊടിശല്യവും ഒക്കെ അവസാനിച്ചു.
കുടിയേറ്റകാലത്ത് മുക്കത്തുനിന്ന് മലയോരഗ്രാമങ്ങളിലേക്കുള്ള പ്രവേശനകവാടമായിരുന്നു മുക്കംകടവ്-കുമാരനല്ലൂർ റൂട്ട്. തിരുവമ്പാടി, ആനക്കാംപൊയിൽ, പുല്ലൂരാമ്പാറ, പൊന്നാങ്കയം, കൂടരഞ്ഞി, തേക്കുംകുറ്റി, മരഞ്ചാട്ടി, കൂമ്പാറ, കക്കാടംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഈ റോഡായിരുന്നു പ്രധാന യാത്രാമാർഗം.
പിന്നീട് അഗസ്ത്യൻമുഴി പാലവും ഓമശ്ശേരി റോഡും വന്നതോടെ ഈ റൂട്ടിന്റെ പ്രാധാന്യം നഷ്ടമായി. ഇപ്പോൾ നവീകരിക്കുന്നതിലൂടെ ഈ റോഡിന് വീണ്ടും പ്രാധാന്യം കൈവരുകയാണ്. മുക്കംകടവ്-കുമാരനല്ലൂർ റോഡുമായി ബന്ധിപ്പിക്കുന്ന മണ്ടാങ്കടവ്-താഴെതിരുവമ്പാടി, കാരമൂല -കൂടരഞ്ഞി-കൂമ്പാറ-കക്കാടംപൊയിൽ തുടങ്ങിയ മലയോരമേഖലയിലെ റോഡുകളെല്ലാം ആധുനികരീതിയിൽ നവീകരിക്കപ്പെട്ടവയാണ്.
മലയോരഗ്രാമങ്ങളിലേക്കെല്ലാമുള്ള ഏറ്റവും എളുപ്പമുള്ള യാത്രാമാർഗമാണ് മുക്കംകടവ്-കുമാരനല്ലൂർ റൂട്ട്. നിർമാണംനടക്കുന്ന വല്ലത്തായിക്കടവ് പാലം പൂർത്തിയായാൽ തേക്കുംകുറ്റി, മരഞ്ചാട്ടി, തോട്ടക്കാട് തോട്ടുമുക്കം തുടങ്ങിയ മലയോരമേഖലകളിലേക്കും എളുപ്പമാർഗമാണ് ഒരുങ്ങുക. തേക്കുംകുറ്റി, തോട്ടക്കാട്, തോട്ടുമുക്കം, മരംചാട്ടി റോഡുകളെല്ലാം ആധുനികവത്കരിച്ചിട്ടുള്ളതാണ്. മലയോരഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്കും ഗ്രാമങ്ങളുടെ വികസനത്തിനും മുക്കംകടവ്-കുമാരനല്ലൂർ റോഡിന്റെ നവീകരണം ഏറെ ഉപകരിക്കും.