അതിഥിത്തൊഴിലാളികളിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി

കാരശ്ശേരി : ആനയാംകുന്നിൽ അതിഥിത്തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി. അസം സ്വദേശി ആഷിഖ്, ഭാര്യ ജിസ്ന ബീഗം എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽനിന്നാണ് ബ്രൗൺഷുഗർ കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിലെ സിഐ ടി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അതിഥിത്തൊഴിലാളികൾ ബ്രൗൺഷുഗർ ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. സംഘമെത്തിയപ്പോൾ തൊഴിലാളികൾ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നില്ല . തുടർന്ന് കെട്ടിട ഉടമയെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പൂട്ടുപൊളിച്ച് അകത്തുകയറിയാണ് പരിശോധിച്ചത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി അരിക്കുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ബ്രൗൺഷുഗർ കണ്ടെത്തിയത്.ബ്രൗൺഷുഗർ കണ്ടെടുത്തശേഷം എക്സൈസ് സംഘം സ്ഥലത്തുനിന്ന് പോയി. പിന്നീട് തൊഴിലാളികൾ തിരിച്ചെത്തി അകത്തുകയറിയപ്പോൾ നാട്ടുകാർ പുറത്തുനിന്ന് പൂട്ടി. തുടർന്ന് എക്സൈസ് സംഘം എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
അതിഥിത്തൊഴിലാളികളുടെ ഇടയിൽ ബ്രൗൺഷുഗർ അടക്കമുള്ള രാസലഹരിപദാർഥങ്ങളുടെ ഉപയോഗം നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും ഈ മാസം 30 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തതായും സിഐ ടി. രാജീവ് പറഞ്ഞു.