കക്കാടുകാരും കാരക്കുറ്റിക്കാരും ഇനി വഴിയുണ്ട്

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയും കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പ്രദേശവും തമ്മിൽ നോക്കിയാൽ കാണാവുന്ന ദൂരമേയുള്ളു. പക്ഷേ, കാരക്കുറ്റിയിൽനിന്ന് കക്കാടിയിലേക്കോ തിരിച്ചോ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണമായിരുന്നു. ഇനി അങ്ങോട്ടുമിങ്ങോട്ടും നേരേ യാത്രചെയ്യാം.
കൊടിയത്തൂർ-കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉണ്ണിമോയിൻഹാജി-കാരക്കുറ്റി സ്റ്റേഡിയം – കുറുപ്പൻകണ്ടി റോഡ് നിർമിച്ചതാണ് നാടിന് ചിരകാലദുരിതം അവസാനിപ്പിക്കുന്നത്. പുതിയതായി വെട്ടിത്തുറന്നു റോഡിന്റെ കോൺക്രീറ്റ് ടാറിങ് പ്രവൃത്തികൾ പൂർത്തിയായിവരുകയാണ്. കാരക്കുറ്റി മേഖലയിൽപെട്ട റോഡിന്റെ ഒരൊറ്റമായ ഉണ്ണിമോയിൻഹാജിയുടെ പേരിലുള്ള ഭാഗം കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. ഗ്രാമപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. അടുത്ത ഭാഗം പ്രവൃത്തിക്കായി എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതും ഉടനെ പൂർത്തിയാകും.
വയലുകൾക്കരികിലൂടെ നിർമിച്ച റോഡിന്റെ സൈഡ് കെട്ടി മണ്ണിട്ടുയർത്തി നിർമിക്കുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 14 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സ്വന്തംവീടുകളിലേക്ക് വാഹനമെത്തിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവിടെ 25-ഓളം കുടുംബങ്ങൾ. ഈ കഷ്ടകാലത്തിനാണ് പുതിയ റോഡ് അവസാനം ഉണ്ടാക്കിയത്. ഇവർക്ക് ഇനി അത്യാവശ്യത്തിന് വീട്ടിലേക്ക് വാഹനങ്ങൾ എത്തുമെന്നായി.
വയലിനരികിൽക്കൂടി റോഡ് വന്നത് കർഷകർക്കും അനുഗ്രഹമായി. ട്രാക്ടറും ടില്ലറും പോലുള്ള കൃഷിയന്ത്രങ്ങൾ വയലിലെത്തിക്കാൻ ഇനി സാധിക്കും. കൃഷിയിടത്തിലേക്ക് വിത്തും വളവും ഉൾപ്പെടെയുള്ളവയൊക്കെ എത്തിക്കാനും നെല്ലും വൈക്കോലുമൊക്കെ കൊണ്ടുപോകാനും നേരിട്ടിരുന്ന കഷ്ടപ്പാടിനും അവസാനമായി. റോഡ് വരുംവരെ തലച്ചുമടായിരുന്നു മാർഗം. ഇത് കാർഷികപുരോഗതിക്കും സഹായകമായി.
വിദ്യാർഥികൾക്കും അനുഗ്രഹമായി
പിടിഎം ഹയർസെക്കൻഡറി സ്കൂൾ, വാദി റഹ്‌മാ സ്കൂൾ, കാരക്കുറ്റി ജിഎൽപി സ്കൂൾ എന്നിവ വളരെ അടുത്താണെങ്കിലും കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് യാത്രചെയ്യണമായിരുന്നു. പുതിയ റോഡ് വിദ്യാർഥികൾക്ക് കുറഞ്ഞസമയംകൊണ്ട് നടന്ന് സ്കൂളുകളിൽ എത്താനായി. വെള്ളപ്പൊക്കബാധിത പ്രദേശമായതിനാൽ മഴക്കാലത്ത് കുട്ടികൾക്ക് ദുരിതം ഇരട്ടിക്കും. കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർഥികളുടെ വെള്ളക്കെട്ടിലൂടെയുള്ള യാത്രയിൽ രക്ഷിതാക്കളും വലിയ ആശങ്കയനുഭവിച്ചിരുന്നു. ഈ ദുരിതവും ഇല്ലാതായി.
യാത്രയ്ക്കും കൃഷിക്കും വലിയ ഉപകാരമായ റോഡ്
ഉണ്ണിമോയിൻഹാജി-കാരക്കുറ്റി സ്റ്റേഡിയം -കുറുപ്പൻകണ്ടി റോഡ് പ്രദേശവാസികളുടെ സഹകരണം ഉണ്ടായതോടെയാണ് നിർമിക്കാനായത്. 25 കുടുംബങ്ങൾക്ക് യാത്രാസൗകര്യവും കർഷകർക്കും പ്രദേശത്തെ വിദ്യാർഥികളടക്കമുള്ളവർക്കും വലിയ ഉപകാരവുമായി.