ഉന്നത വിജയികളെ അനുമോദിച്ചു

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K25 എന്ന ചടങ്ങിൽ ആദരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗവൺമെന്റ് കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് മുഖ്യപ്രഭാഷണവും ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വേളംകോട് സ്കൂളിൽ നിന്നും കോളേജിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പെരുമാറ്റത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
2025 തായ്‌വാനിലെ ചൈനീസ് തായ്‌പെയിൽ വച്ച് നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ 50+ കാറ്റഗറിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനും വെങ്കല മെഡൽ ജേതാവും, 35+, 45+ ഹാൻഡ് ബോൾ ടീം മാനേജറും, കോടഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടുമായ റോബർട്ട് അറയ്ക്കലിനെ സ്കൂൾ മാനേജ്മെന്റും പിടിഎയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മൊമെന്റോ ആദരിച്ചു.
ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തുകയും ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സി. സുധർമ്മ എസ് ഐ സി, കൊമേഴ്സ് അധ്യാപിക ബിനി കെ, വിദ്യാർത്ഥി പ്രതിനിധി സഞ്ജയ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു. 2024- 25 ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും മെമന്റോ നല്കി ആദരിച്ചു. ഉന്നതവിജയികളായ അഞ്ജന പ്രസാദ്, ലിയ ജോസഫ്, എന്നിവർ തങ്ങളുടെ വിജയപടവുകളിലെ ഓർമ്മകൾ പങ്കുവെക്കുകയും സ്കൂളിനും അധ്യാപകർക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
പ്ലസ് ടു സയൻസ് വിദ്യാർത്ഥിനികളായ ഗ്രാഫിൻ മരിയ ബിനോയ്, സാറ വർഗീസ് എന്നിവർ ചടങ്ങിന് അങ്കറിങ് നടത്തി. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ച യോഗത്തിനു സ്റ്റാഫ് സെക്രട്ടറി രാജി ജോസഫ് നന്ദി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷയിൽ അഭിമാന നേട്ടം കൊയ്തെടുത്ത സീനിയർ വിദ്യാർത്ഥികൾ കൊണ്ടുവന്ന മധുരം സ്കൂളിൽ വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ സന്തോഷം ഏവരുമായി പങ്കുവെച്ചു.