Thiruvambady

തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്

തിരുവമ്പാടി: അങ്ങാടിയുടെ ഹൃദയഭാഗത്ത് വാടകമുറിയുടെ പരിമിതസൗകര്യങ്ങളിൽ ഞെരുങ്ങുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് അരക്കിലോമീറ്റർ അകലെ കറ്റിയാടിലേക്ക് മാറ്റുന്നു. കോടഞ്ചേരി തമ്പലമണ്ണ റോഡരികിലുള്ള മലയിൽ പുത്തൻപുരയിൽ ജോസ്-ആൻസി ജോസഫ് ദമ്പതിമാരുടെ ഏഴ് സെന്റ് ഭൂമി വിലയ്ക്കുവാങ്ങി എടച്ചേരി ജംഷീർ എന്ന യുവാവാണ് സബ് രജിസ്ട്രാർ ഓഫീസിന് ഇഷ്ടദാനമായി നൽകിയത്.

സബ് രജിസ്ട്രാർ ഓഫീസ് ജനകീയസമിതി ചെയർമാൻകൂടിയായ ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ഓഫീസിന് സ്വന്തം കെട്ടിടം പണിയാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കെട്ടിടം പണിയാനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു. ജില്ലാ രജിസ്ട്രാർ ജനറൽ പി.കെ. ബിജു ഭൂവുടമകളിൽനിന്ന് രേഖകൾ ഏറ്റുവാങ്ങി. സബ് രജിട്രാർ സോണാ ജോർജ്, ഷിജു, കാവുങ്ങൽ അഹമ്മദ് കുട്ടി, ജോർജ് കാവാലം, സി. ഗണേഷ് ബാബു, ഇ.പി. പ്രജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
2007-ലാണ് ഇവിടെ സബ് രജിസ്ട്രാർ ഓഫീസ് ആരംഭിക്കുന്നത്. ഓഫീസ് മാറുന്നതോടെ കറ്റിയാട് വികസനപ്രതീക്ഷകളേറെയാണ്. നിർമാണത്തിലിരിക്കുന്ന കെഎസ്ആർടിസി സബ് ഡിപ്പോയും കറ്റിയാടാണ്.

ഗവ. ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവയും കറ്റിയാടാണ് പ്രവർത്തിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷ ലിസി അബ്രഹാം, അബ്രഹാം മാനുവൽ, റോയ് കടപ്രയത്ത്, ജോയി മ്ലാങ്കുഴി തുടങ്ങയവരടങ്ങിയ സബ് രജിസ്ട്രാർ ജനകീയസമിതിയുടെ നേതൃത്വത്തിലാണ് കെട്ടിടനിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Back to top button