തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ലിസ ഹോസ്പിറ്റൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
കുടിയേറ്റ ജനതയുടെ ആരോഗ്യ സംരക്ഷണം മുന്നിൽ കണ്ട് അൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ലിസ ഹോസ്പിറ്റൽ തിരുവമ്പാടിയുടെ ചരിത്രത്തിൽ എന്നും ഇടം പിടിക്കുമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ലിസ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം മത്തായി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോന ചർച്ച് വികാരി ഫാ. തോമസ് നാഗപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈകുന്നേരം 5 മണിക്ക് ലിസ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഡോ. ജെനി മാത്യു, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ, മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ. മിലി മോനി, ലിസ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രിന്റന്റ് ഡോ. അരുൺ മാത്യു, ലിസ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. പ്രവീൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.
പ്രവർത്തനം ആരഭിച്ച് അൻപത് വർഷം പിന്നിടുന്നത് തിരുവമ്പാടിയുടെ ആരോഗ്യ രംഗത്തെ ഒരു നാഴിക കല്ലാണെന്നും ആധുനിക ലോകത്ത് ആരോഗ്യ രംഗം ഒരു മെഡിക്കൽ ഇൻഡസ്ട്രി തലത്തിലേക്ക് വളരുന്നത് ആരോഗ്യ മേഖലയ്ക്ക് ആഘാതം സൃഷ്ടിക്കുകയാണെന്നും, ഈ വെല്ലുവിളിയെ അതിജീവിച്ച് ലിസ ഹോസ്പിറ്റൽ നാടിന് ആരോഗ്യ രംഗത്ത് പുതിയ മാനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം മത്തായി അഭിപ്രായപ്പെട്ടു.